ഓസ്ട്രേലിയയിൽ 61 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും അവരുടെ നഗ്നദൃശ്യങ്ങൾ രഹസ്യമായി പകർത്തുകയും ചെയ്‌ത ഇന്ത്യൻ വംശജനായ മസാജ് തെറാപ്പിസ്റ്റിന് 13 വർഷവും 10 മാസവും തടവുശിക്ഷ വിധിച്ചു. സുമിത് സതീഷ് റസ്തോഗി (39) എന്ന ഡൽഹി സ്വദേശിക്കാണ് സൗത്ത് ഓസ്ട്രേലിയ ഡിസ്ട്രിക്റ്റ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധി പൂർത്തിയായാൽ ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്തും.

ഗുരുതരമായ ലൈംഗിക അതിക്രമം (42 കേസുകൾ), സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ രഹസ്യമായി മൊബൈലിൽ പകർത്തി (55 കേസുകൾ) ഉൾപ്പെടെ 97-ഓളം കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്. വിചാരണ വേളയിൽ ഇയാൾ കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നു. 2021 ഒ​ക്ടോ​ബ​റി​നും 2022 ജൂ​ലൈ​യ്ക്കും ഇ​ട​യിലാണ് കേസിനാസ്‌പദമായ ഞെട്ടിക്കുന്ന സംഭവങ്ങൾ ഉണ്ടായത്. അഡലെയ്‌ഡിലെ പടിഞ്ഞാറൻ പ്രാന്തപ്രദേശത്തുള്ള ഗ്ലെനെൽഗിലെ ഒരു മസാജ് സെന്ററിലാണ് ഇയാൾ ജോലി ചെയ്‌തിരുന്നത്. 2011-ലാണ് സുമിത് ഡൽഹിയിൽ നിന്നും അഡലെയ്‌ഡിലേക്ക് താമസം മാറിയത്.

സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുകയും രഹസ്യമായി ചിത്രങ്ങൾ പകർത്തുകയും ചെയ്തതോടെ പ്രതിയുടെ കുറ്റകൃത്യങ്ങൾ പിന്നീട് ഇയാളുടെ നിയന്ത്രണത്തിന് അപ്പുറത്തേക്ക് മാറുകയും ചെയ്‌തതായി കോടതി ചൂണ്ടിക്കാട്ടി. ഇയാളുടെ ക്രൂരതയ്ക്ക് ഇരയായ പല സ്ത്രീകളും അവർ നേരിട്ട കടുത്ത മാനസികാഘാതത്തിൽ നിന്നും മുക്തരായിട്ടില്ലെന്ന് കോടതിയിൽ ബോധിപ്പിച്ചു. ഇയാൾക്ക് മറ്റുള്ളവരുടെ നഗ്നത രഹസ്യമായി കണ്ട് ലൈംഗിക സംതൃപ്തി അടയുന്ന ‘വോയറിസ്റ്റിക് ഡിസോർഡർ’എന്ന മാനസികാവസ്ഥ ഉണ്ടെന്ന് മനോരോഗ വിദഗ്ദ്ധർ കോടതിയെ അറിയിച്ചെങ്കിലും, അത് കുറ്റകൃത്യത്തിൻ്റെ ഗൗരവം ഒട്ടും കുറയ്ക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

Related Posts