യുക്രൈൻ – റഷ്യ യുദ്ധവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ യുക്രൈൻ പ്രസിഡൻ്റ് വ്ലാദിമിർ സെലൻസ്കിയും അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപും തമ്മിൽ വാഗ്വാദം. തർക്കത്തിന് പിന്നാലെ ധാതു കരാറിൽ ഒപ്പുവെക്കാതെ സെലൻസ്കി വൈറ്റ് ഹൗസിൽ നിന്ന് ഇറങ്ങിപ്പോയി.
ഇരുവരും നടത്താനിരുന്ന സംയുക്ത വാർത്താ സമ്മേളനവും റദ്ദാക്കി. റഷ്യൻ യുദ്ധവുമായി ബന്ധപ്പെട്ടും, ധാതു കരാർ ഉൾപ്പെടെയുള്ള കാര്യങ്ങളിലും ട്രംപുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് ഇരുവരും തമ്മിൽ വാഗ്വാദം ഉണ്ടായത്. റഷ്യയുമായുള്ള സമാധാന കരാരിൽ അമേരിക്ക നിർദേശിക്കുന്ന ഏത് നിബന്ധനയും അനുസരിക്കണമെന്ന നീക്കമാണ് സെലൻസ്കിയെ ചൊടിപ്പിച്ചത്.
റഷ്യയുമായുള്ള യുദ്ധത്തിൽ അമേരിക്ക നൽകിയ പിന്തുണയ്ക്ക് നന്ദി വേണമെന്ന് ട്രംപ് സെലൻസ്കിയോട് രൂക്ഷമായി പറഞ്ഞു. സെലൻസ്കി മൂന്നാം ലോക മഹായുദ്ധത്തിന് ശ്രമിക്കുകയാണോ എന്നും ട്രംപ് ചോദിച്ചു. പുടിനുമായി വിട്ടുവീഴ്ച പാടില്ലെന്നും അമേരിക്ക ബാധ്യത നിറവേറ്റാൻ തയ്യാറാകണമെന്നും സെലൻസ്കി തിരിച്ചടിച്ചു.
ഇങ്ങനെ ഇരുവരും തമ്മിൽ രൂക്ഷമായ വാഗ്വാദമാണ് ഉണ്ടായത്. വേണ്ടി വന്നാൽ യുക്രൈനെ കൈ ഒഴിയുമെന്നും ട്രംപും വൈസ് പ്രസിഡൻ്റ് വാൻസും മുന്നറിയിപ്പ് നൽകി. തർക്കത്തിന് പിന്നാലെ സെലൻസ്കി, വൈറ്റ് ഹൗസിൽ നിന്ന് ഇറങ്ങിപ്പോയി. ട്രംപ് ഏറെ താൽപ്പര്യപ്പെട്ട യുക്രൈനിലെ ധാതുസമ്പത്ത് കൈമാറൽ കരാറിൽ ഒപ്പിടാതെ സെലൻസ്കി ഇറങ്ങിപ്പോയതിനു പിന്നാലെ ട്രംപും സെലൻസ്കിയും നടത്താനിരുന്ന സംയുക്ത വാർത്ത സമ്മേളനവും റദ്ദാക്കി.
സമാധാനത്തിന് തയ്യാറാവുകയാണെങ്കിൽ സെലൻസ്കിക്ക് തിരിച്ചുവരാമെന്ന് ട്രംപ് പിന്നീട് പ്രതികരിച്ചെങ്കിലും യുക്രൈന്, വേണ്ടത് സമാധാനമാണെന്നും തങ്ങളുടെ ശ്രമം അതിനുവേണ്ടിയാണെന്നും സെലൻസ്കി പറഞ്ഞു. ട്രംപിൻ്റെ പേരെടുത്ത് പറയാതെ അമേരിക്കയുടെ പിന്തുണയ്ക്ക് നന്ദിയെന്നായിരുന്നു സെലൻസ്കിയുടെ പ്രതികരണം.