ഡ്രൈവിങ് ലൈസൻസ് ഡിജിറ്റലായതിനു പിന്നാലെ സംസ്ഥാനത്തെ വാഹന രജിസ്ട്രേഷൻ രേഖകളും (ആർ.സി.) ശനിയാഴ്ചമുതൽ ഡിജിറ്റലായി മാറുന്നു. കേന്ദ്രസർക്കാർ മൊബൈൽ ആപ്പുകളായ ഡിജിലോക്കർ, പരിവാഹൻ എന്നിവയിലും ആർ. സി യുടെ ഡിജിറ്റൽ പകർപ്പ് ലഭിക്കും. അച്ചടി തടസ്സപ്പെട്ടതിനാൽ കുടിശ്ശികയുള്ള 10 ലക്ഷം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും ഇതോടൊപ്പം ഡിജിറ്റലായി നൽകും.
കാർഡിനുള്ള തുക ഈടാക്കിയിട്ടുള്ളതിനാൽ അച്ചടി പുനരാരംഭിക്കുമ്പോൾ ഇവ വിതരണം ചെയ്യും. കാക്കനാട്ടുള്ള അച്ചടികേന്ദ്രത്തിൻ്റെ പ്രവർത്തനം തത്കാലമായി നിർത്തി വച്ചിട്ടുണ്ട്. അച്ചടിക്കരാർ ഏറ്റെടുത്തിട്ടുള്ള സ്ഥാപനത്തിനു പ്രതിഫലം നൽകാത്തതിനെ തുടർന്നാണ് കാർഡ് വിതരണം തടസ്സപ്പെട്ടത്.
10 കോടി രൂപയോളം കുടിശ്ശികയുണ്ട്. ഇതു നൽകാത്തതിനാൽ അച്ചടി പൂർണമായും നിർത്തിവച്ചിരിക്കുകയാണ്. ഇതിനിടെയാണ് കാർഡ് വിതരണം പൂർണമായി ഒഴിവാക്കി ഡിജിറ്റലിലേക്കു മാറാൻ സർക്കാർ തീരുമാനിച്ചത്. അതേസമയം അച്ചടിച്ചെലവ് ഇല്ലാതാകുന്നതിൻ്റെ സാമ്പത്തികനേട്ടം വാഹന ഉടമയ്ക്കുണ്ടാകില്ല.
ഫീസ് ഇനത്തിൽ സർക്കാരിനുള്ള വരുമാനം കുറയുന്നത് ഒഴിവാക്കാൻ സർവീസ് ചാർജ് വർധിപ്പിച്ചിട്ടുണ്ട്. പുതിയ സംവിധാനത്തിലേക്കു മാറുമ്പോൾ സർക്കാരിനു വരുമാന നഷ്ടം ഉണ്ടാകരുതെന്ന് ധനവകുപ്പ് കർശന നിലപാട് എടുത്തതിനെ തുടർന്നാണ് ഇത്.