ഡൽഹിയിൽ സിഎൻജി വില വീണ്ടും വർദ്ധിപ്പിച്ചു. രണ്ട് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് വില വർദ്ധിപ്പിക്കുന്നത്. ഇന്ന് മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. കിലോയ്ക്ക് ഒരു രൂപയാണ് കൂട്ടിയത്.
പെട്രോൾ, ഡീസൽ വില വർദ്ധിപ്പിക്കുന്നതിനൊപ്പം സിഎൻജിയുടെ വിലയും കഴിഞ്ഞ ദിവസം രാജ്യവ്യാപകമായി കൂട്ടിയിരുന്നു.
കഴിഞ്ഞ മാസം 15 ന് കമ്പനികൾ സിഎൻജി കിലോയ്ക്ക് 2 രൂപ വർദ്ധിപ്പിച്ചിരുന്നു. ഇപ്പോൾ ഡൽഹിയിൽ 80.09 രൂപയായി. ഗാസിയാബാദിലും നോയിഡയിലും 88.70 രൂപയായി വർദ്ധിപ്പിച്ചു. ഡീസൽ, പെട്രോൾ ഉപയോഗം പരമാവധി കുറയ്ക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെയായിരുന്നു വില കൂട്ടൽ. പശ്ചിമേഷ്യൻ യുദ്ധം പ്രതിസന്ധി രൂക്ഷമാക്കിയെന്നും വിലവർദ്ധിപ്പിക്കാതെ മറ്റ് മാർഗമില്ലെന്നും കമ്പനികൾ പറഞ്ഞു.
ഡൽഹിയിലും മറ്റും നഗരങ്ങളിലെയും പതിനായിരക്കണക്കിന് ക്യാബുകൾ, ഓട്ടോകൾ, പൊതുഗതാഗത ബസുകൾ എന്നിവയെല്ലാം സിഎൻജിയിലാണ് സർവീസ് നടത്തുന്നത്. ഈ വിലവർദ്ധന യാത്രാക്കൂലി വർദ്ധനവിനും മറ്റ് അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനും കാരണമായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്