ഇന്ന് ചേരുന്ന യുഡിഎഫ് നേതൃയോഗത്തില്‍ യുഡിഎഫ് ഘടകകക്ഷി മന്ത്രിമാരുടെ എണ്ണവും വകുപ്പുകളും സംബന്ധിച്ച് ഇന്നു ധാരണയായേക്കും. ഘടകകക്ഷി മന്ത്രിമാരെ കൂടാതെ ഇവര്‍ക്കു നല്‍കേണ്ട മറ്റു കാബിനറ്റ് പദവികളുടെ കാര്യത്തിലും ഘടകക്ഷികളുടെ അഭിപ്രായം തേടും.
മന്ത്രിമാരെ കൂടാതെ സ്പീക്കര്‍, ഡപ്യൂട്ടി സ്പീക്കര്‍, സർക്കാർ ചീഫ് വിപ്പ് എന്നീ കാബിനറ്റ് പദവികള്‍ കൂടാതെ മുന്നാക്ക- പിന്നാക്ക സമുദായ ക്ഷേമ കമ്മീഷന്‍, ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ തുടങ്ങിയ കാബിനറ്റ് പദവികളുടെ കാര്യവും തീരുമാനമാകും.
വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചെങ്കിലും കോണ്‍ഗ്രസ് മന്ത്രിമാരുടെ കാര്യത്തില്‍ ചര്‍ച്ച വരാന്‍ ഇരിക്കുന്നതേയുള്ളു. പരിചയസമ്പത്തും യുവത്വവും സാമുദായിക സമവാക്യങ്ങളും അടിസ്ഥാനമാക്കിയാകും കോണ്‍ഗ്രസ് മന്ത്രിമാരെ നിശ്ചയിക്കാന്‍ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ ആലോചനയിലുള്ളത്.
ജില്ലാ പ്രാതിനിധ്യവും ചര്‍ച്ചയിലെത്തും. ഹൈക്കമാന്‍ഡിന്‍റെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും നിര്‍ദേശമനുസരിച്ചാകും കോണ്‍ഗ്രസ് മന്ത്രിമാരുടെ അന്തിമ പട്ടിക തയാറാക്കുക. മന്ത്രിസഭയിലെത്താന്‍ തയാറായാല്‍ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയുടെ കാര്യവും ഉറപ്പാകും.