തമിഴ്നാട് നിയുക്ത മന്ത്രി എസ്. കീർത്തനയ്ക്ക് തെരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയാത്തതിനെത്തുടർന്ന് സത്യപ്രതിജ്ഞ നടന്നില്ല. ചീഫ് മിനിസ്റ്റർ സി. ജോസഫ് വിജയ് ഉൾപ്പെടെയുള്ള മറ്റ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലാണ് കീർത്തനയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാൻ പറ്റാതെ വന്നത്.
എംഎൽഎമാർ സർട്ടിഫിക്കറ്റ് നിർബന്ധമായും കൊണ്ടുവരണമെന്ന് നേരത്തെ തന്നെ ഔദ്യോഗികമായി അറിയിച്ചിരുന്നു. സത്യപ്രതിജ്ഞയ്ക്കായി ശിവകാശി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ കീർത്തനയെ നിയമസഭാ പ്രിൻസിപ്പൽ സെക്രട്ടറി കെ. ശ്രീനിവാസൻ ക്ഷണിച്ചു.
എന്നാൽ, ഭരണഘടനാപരമായ നടപടിക്രമങ്ങളുടെ ഭാഗമായി ഹാജരാക്കേണ്ട ‘തെരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റ്’ അവരുടെ പക്കൽ ഉണ്ടായിരുന്നില്ല. സത്യപ്രതിജ്ഞ സർട്ടിഫിക്കറ്റ് ഇല്ലാതെ അനുവദിക്കാനാവില്ലെന്ന് സെക്രട്ടറി വ്യക്തമാക്കി. എഐഎഡിഎംകെയിലെ കരുത്തനായ കെ.ടി. രാജേന്ദ്ര ബാലാജിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയായിരുന്നു കീർത്തനയുടെ വിജയം.
തെരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് ഇവർക്ക് പിന്നീട് സത്യപ്രതിജ്ഞ ചെയ്യാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മന്ത്രിസഭയിലെ ഒൻപതാമത്തെ റാങ്കുള്ള മന്ത്രിയായാണ് കീർത്തനയെ നിശ്ചയിച്ചിരുന്നത്. സർട്ടിഫിക്കറ്റ് മറന്നത് മൂലം ഏറ്റവും ഒടുവിൽ സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നതും വലിയ ചർച്ചയായി.