ഉറങ്ങിക്കിടന്ന ഭർത്താവിനെ വൈദ്യുതി കമ്പി ചുറ്റി ഷോക്കേൽപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ഭാര്യയും കാമുകനും അറസ്റ്റിൽ. മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിലാണ് സിനിമയെ വെല്ലുന്ന ക്രൂരത നടന്നത്. കവടി മോറെ, കാമുകൻ വിഷ്ണു കാഡു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഭർത്താവായ ഗജാനൻ മോറെ തങ്ങളുടെ ബന്ധത്തിന് തടസമാകുമെന്ന് കണ്ടതോടെയാണ് ഇരുവരും ചേർന്ന് ഇയാളെ കൊലപ്പെടുത്താൻ പദ്ധതിയിട്ടത്. മേയ് 3 ന് രാത്രി ഗജാനൻ മോറെ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ആക്രമണം. ഒരു അലുമിനിയം കമ്പിയുടെ ഒരു വശം ഗജാനന്റെ ശരീരത്തിലും മറുവശ വൈദ്യുതി ലൈനിലുമാണ് പ്രതികൾ ബന്ധിപ്പിച്ചത്.
കറന്റ് കടത്തി വിട്ടതോടെ ശക്തമായ ഷോക്കേറ്റതിനെത്തുടർന്ന് ഇയാളുടെ രണ്ട് കൈകളിലും ഗുരുതരമായി പൊള്ളലേറ്റു. ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതികളെ മേയ് 8 ന് പോലീസ് പിടികൂടി.
കൊലപാതക ശ്രമത്തിന് ഉപയോഗിച്ച വയറുകളും പോലീസ് സംഭവസ്ഥലത്തു നിന്ന് കണ്ടെടുത്തു. പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 109(1), 62(2) എന്നീ വകുപ്പുകൾ പ്രകാരം വധശ്രമത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.