കൊല്ലം ഓച്ചിറയിൽ മദ്യപിച്ച് ബാറില്‍ നിന്ന് പുറത്തിറങ്ങിയ രണ്ട് യുവാക്കളെ നാലംഗ സംഘം നടുറോഡില്‍ ക്രൂരമായി തല്ലിച്ചതച്ചു. വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. ഓച്ചിറ സ്വദേശികളായ ഷോഭിഷ്, വിനീഷ് എന്നിവർക്കാണ് നാലംഗ സംഘത്തിൻ്റെ ക്രൂരമർദനമേറ്റത്.
മദ്യപിച്ചിറങ്ങുമ്പോൾ ഉണ്ടായ ചെറിയ വാക്കുതർക്കമാണ് മർദനത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. തുടർന്ന് നാലുപേർ ചേർന്ന് മരക്കഷണവും ഹെൽമെറ്റും ഉപയോഗിച്ച് ഇവരെ തലങ്ങും വിലങ്ങും മർദിക്കുകയായിരുന്നു.
ഇതിൻ്റെ സി.സി.ടി.സി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇവർ തമ്മിൽ മുൻവൈരാഗ്യമോ മുൻ പരിചയമോ ഉണ്ടായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. മർദനത്തിൽ പരിക്കേറ്റ ഒരാളുടെ കൈയുടെ എല്ലുപൊട്ടുകയും മറ്റൊരാളുടെ വാരിയെല്ലിന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
സംഭവത്തിൽ ഓച്ചിറ പോലീസ് കേസെടുക്കുകയും മൂന്നുപേരെ അറസ്റ്റു ചെയ്യുകയും ചെയ്തിട്ടുണ്ട്. ഓച്ചിറ സ്വദേശികളായ സിദ്ദു, റിനു, അനന്ദു എന്നിവരാണ് പിടിയിലായത്. ഷിബു എന്ന ആളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
അനന്ദു നേരത്തെ നാല് കേസുകളിൽ പ്രതിയാണ്. മറ്റുള്ളവരും ക്രിമിനൽ പശ്ചാത്തലമുള്ള ആളുകളാണെന്നാണ് പോലീസ് നൽകുന്ന വിവരം. പ്രതികൾക്കെതിരേ കേസെടുത്തിട്ടുണ്ട്.