എഐസിസി നിരീക്ഷകർ ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിൽ, 63 കോൺഗ്രസ് എംഎൽഎമാരിൽ 47 പേരും വേണുഗോപാലിന്റെ പേരാണ് നിർദ്ദേശിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ഈ പട്ടികയിൽ ഉൾപ്പെടുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കെ സി വേണുഗോപാലിന് അനുകൂലമായ കാറ്റാണ് ഇപ്പോൾ സംസ്ഥാന രാഷ്ട്രീയത്തിൽ വീശുന്നത്. സണ്ണി ജോസഫ്, സന്ദീപ് ജി വാര്യർ, ടി സിദ്ധിഖ്, സജീവ് ജോസഫ്, ടി ഒ മോഹൻ, ഉഷാ വിജയൻ തുടങ്ങിയവർ കെ സി വേണുഗോപാലിനെയാണ് പിന്തുണച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ആറ് എംഎൽഎമാർ പിന്തുണച്ചു.
മുഖ്യമന്ത്രി പദത്തിലേക്ക് ശക്തമായി രംഗത്തുള്ള രമേശ് ചെന്നിത്തലയ്ക്ക് എട്ട് എംഎൽഎമാരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. ചെന്നിത്തലയുടെ വിശ്വസ്തനായി അറിയപ്പെടുന്ന ഐ സി ബാലകൃഷ്ണൻ പോലും വേണുഗോപാലിനെയും ചെന്നിത്തലയെയും ഒരേപോലെ പിന്തുണച്ചതായാണ് റിപ്പോർട്ട്. പുതിയ മുഖ്യമന്ത്രിയെ നാമനിർദ്ദേശം ചെയ്യാൻ കോൺഗ്രസ് നിയമസഭാ കക്ഷി യോഗം മല്ലികാർജുൻ ഖാർഗെയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി ശനിയാഴ്ചയോ ഞായറാഴ്ചയോ പ്രഖ്യാപനം ഉണ്ടായേക്കും.