ടിവികെ അദ്ധ്യക്ഷൻ വിജയയുടെ നേതൃത്വത്തിൽ മത്സരിച്ച ടിവികെ (തമിഴക വെട്രി കഴകം) തമിഴ്നാട്ടിൽ ചരിത്ര വിജയം നേടിയതിന് പിന്നാലെ എഐഎഡിഎംകെയിൽ ഭിന്നത. പാർട്ടിയുടെ മൂന്നിൽ രണ്ട് ഭാഗം എംഎൽഎമാർ വിജയുടെ പാർട്ടിക്ക് പിന്തുണ നൽകുന്നതിനായി രാജ്യസഭാ നേതാവ് സിവി ഷൺമുഖത്തിൻ്റെ ചെന്നൈയിലെ ഓഫീസിൽ ഒത്തുകൂടിയെന്നാണ് വിവരം.
മൈലം മണ്ഡലത്തിൽ നിന്നും വിജയിച്ച ഷൺമുഖത്തിൻ്റെ വീട്ടിൽ 35 എംഎൽഎമാർ എത്തിയെന്നാണ് റിപ്പോർട്ട്. ടിവികെയുമായി സഖ്യത്തിലേർപ്പെടാനുള്ള ചർച്ചകളിലേക്ക് കടക്കാൻ എംഎൽഎമാർ എഐഎഡിഎംകെയുടെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയോട് ആവശ്യപ്പെട്ടേക്കും.
10 എംഎൽഎമാരുടെ പിന്തുണയുണ്ടെങ്കിൽ മാത്രേമ ടിവികെയ്ക്ക് സഖ്യത്തിലേർപ്പെടാൻ സാധിക്കുകയുള്ളൂ. 5 കോൺഗ്രസ് എംഎൽഎമാരുടെ പിന്തുണ നിലവിൽ ടിവികെയ്ക്ക് ലഭിച്ചിട്ടുണ്ട്. സിപിഐ അടക്കമുള്ള മറ്റ് പാർട്ടികളും വിജയ്ക്ക് പിന്തുണ പ്രഖ്യാപിക്കാനുള്ള സാദ്ധ്യതയുണ്ട്. 234 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ടിവികെ 108 സീറ്റുകളാണ് നേടിയത്.
എഐഎഡിഎംകെ 47 സീറ്റുകൾ നേടി. എൻഡിഎ സഖ്യത്തിൻ്റെ ഭാഗമായി എഐഎഡിഎംകെ 169 നിയമസഭാ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു. ഭരണകക്ഷിയായ ഡിഎംകെ വെറും 59 സീറ്റുകളിലേക്ക് ഒതുങ്ങുകയും മുഖ്യമന്ത്രി സ്റ്റാലിൻ പരാജയപ്പെടുകയും ചെയ്തു.