നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് ജസ്റ്റിസ് ഫോർ നിതിൻരാജ് ആക്ഷൻ ‍കൗൺസിലും ദലിത് ആദിവാസി സംഘടനകളും നടത്തുന്ന ഹർത്താൽ തുടങ്ങി. രാവിലെ ആറു മണിക്കാണ് ഹർത്താൽ ആരംഭിച്ചത്. നിതിൻ രാജിൻ്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നൽകുക, രോഹിത് വെമുല നിയമം നടപ്പാക്കുക, അഞ്ചരക്കണ്ടി ഡെന്റൽ കോളജിൻ്റെ അഫിലിയേഷൻ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ.

പലയിടത്തും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. തിരുവനന്തപുരത്തും, കണ്ണൂർ പഴയങ്ങാടിയിലും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. നെടുമങ്ങാട് കെഎസ്ആർടിസി ബസുകൾ തടഞ്ഞു. അടൂരിൽ കെഎസ്ആർടിസി സ്റ്റാൻഡിന് മുമ്പിലായി പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞു. പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. ഇടുക്കി ജില്ലയിലും പലയിടങ്ങളിലും വാഹനങ്ങൾ തടയുന്നുണ്ട്. എന്നാൽ, ഇരുചക്ര വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. തിരുവനന്തപുരത്ത് ആശുപത്രിയിൽ പോകേണ്ട ഒരു സ്ത്രീയെ പൊലീസ് ബസിൽ നിന്ന് ഇറക്കി, പൊലീസ് ജീപ്പിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഹർത്താൽ കോഴിക്കോട് ജില്ലയിലെ ജനജീവിതത്തെ ബാധിച്ചില്ല. വാഹനങ്ങൾ ഓടുന്നുണ്ട്. ജില്ലയിൽ ഇതുവരെ മറ്റു പ്രശ്നങ്ങളില്ല. കടകള്‍ തുറക്കുമെന്നും ഹർത്താലുമായി സഹകരിക്കില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിരുന്നു.

Related Posts