തുമകൂരു ജില്ലയുടെ വിവിധ ഭാഗങ്ങളിൽ 35 മയിലുകളെ ചത്തനിലയിൽ കണ്ടെത്തി. കനത്ത ചൂട് കാരണമാണ് മയിലുകൾ ചത്തത് എന്നാണ് നിഗമനം. വനം, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് വിശദപരിശോധന നടത്തി. ബെംഗളൂരുവിലെ റീജണൽ വെറ്ററിനറി ലാബിൽ ശരീരഭാഗങ്ങൾ പരിശോധനയ്ക്ക് അയച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിൻ്റെ ഫലംവന്നാൽ യഥാർഥ കാരണം വ്യക്തമാകും.
ഒരാഴ്ചയ്ക്കിടെയാണ് തുമകൂരു ജില്ലയിലെ വിവിധ താലൂക്കുകളിൽ മയിലുകളിൽ ചത്തത്. ബൊമ്മനഹള്ളി, കോലിഹള്ളി, ഉദിഗരെ ഹോബ്ലി, ബൈരസാന്ദ്ര, ഹുലിഹേനഹള്ളി എന്നിവിടങ്ങളിലാണ് മയിലുകൾ കൂട്ടത്തോടെ ചത്തത്. വിഷബാധയ്ക്കുള്ള സാധ്യത കുറവാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. വനംവകുപ്പിൻ്റെ നേതൃത്വത്തിൽ വിശദ അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
വിഷബാധയല്ലെന്ന് ഉദ്യോഗസ്ഥർ തള്ളിക്കളഞ്ഞിട്ടുണ്ടെങ്കിലും, പക്ഷിപ്പനിപോലുള്ള അണുബാധകൾക്കുള്ള സാധ്യത അവർ ഇപ്പോഴും പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. മലിനീകരണം പരിശോധിക്കുന്നതിനായി സമീപത്തുള്ള ജലാശയങ്ങളിൽ നിന്നും, പ്രത്യേകിച്ച് കല്ല് ക്വാറികളിൽ നിന്നുള്ള മലിനജല സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. പരിശോധനക്കായി ഇവ ബെംഗളൂരുവിലെ ഒരു ലാബിലേക്ക് അയച്ചിട്ടുണ്ട്.