അമ്പലപ്പുഴ പുന്നപ്രയിൽ മധ്യവയസ്കനെ ആളൊഴിഞ്ഞ സ്ഥാലത്ത് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പോലീസ് കണ്ടെത്തി. അമ്മയുടെ ആൺസുഹൃത്തായ മധ്യവയസ്കനെ മകൻ കെണിയിൽപെടുത്തി വൈദ്യുതാഘാതമേൽപ്പിച്ചു കൊലപ്പെടുത്തിയതാണെന്നു പോലീസ് കണ്ടെത്തിയത്.
പുന്നപ്ര വടക്ക് പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ കല്ലുപുരക്കൽ ദിനേശൻ(50) ആണു മരിച്ചത്. സംഭവത്തിൽ സമീപവാസിയായ കൈതവളപ്പ് കുഞ്ഞുമോനെയും (55), ഭാര്യ അശ്വമ്മയേയും (അശ്വതി-49), മകൻ കിരണിനേയും (28) പുന്നപ്ര പോലീസ് കസ്റ്റഡിയിലെടുത്തു.
കൊലപാതക വിവരം അറിഞ്ഞിട്ടും കുഞ്ഞുമോനും അശ്വമ്മയും ഇക്കാര്യം ആരെയും അറിയിക്കാതെ ഒളിപ്പിച്ചു വെച്ചതാച്ചെന്നു പോലീസ് പറഞ്ഞു. കുടുംബവുമായി പിണങ്ങി കഴിയുന്ന ദിനേശൻ ലോഡ്ജിലാണ് താമസിച്ചിരുന്നത്. ഇടയ്ക്ക് അശ്വമ്മയുടെ വീട്ടിൽ എത്തുമായിരുന്നു.
ഇതറിഞ്ഞ കിരൺ കഴിഞ്ഞ 7 ന് രാത്രിയിൽ വീടിനു പിന്നിൽ ഇലക്ട്രിക് ഷോക്ക് ഏൽക്കുന്നതിനുള്ള കെണിയൊരുക്കുകയായിരുന്നു. ഇതിൽ കുരുങ്ങിയാണ് ദിനേശൻ മരിച്ചതെന്നാണ് പോലീസിൻ്റെ കണ്ടെത്തൽ. മൃതദേഹം കിരൺ 150 മീറ്ററോളം അകലെ വയലിൽ കൊണ്ടിടുകയായിരുന്നു.