കേരളത്തിൽ വേനൽച്ചൂട് അസഹനീയമായി തുടരുന്നതിനിടെ വൈദ്യുതി ഉപഭോഗത്തിൽ സർവ്വകാല റെക്കോർഡ്. ചരിത്രത്തിലാദ്യമായി കേരളത്തിലെ വൈദ്യുതി ആവശ്യം 6000 മെഗാവാട്ട് എന്ന നാഴികക്കല്ല് പിന്നിട്ടു. ഇന്നലെ വൈകുന്നേരത്തെ കണക്കനുസരിച്ച് 6012 മെഗാവാട്ട് ആണ് രേഖപ്പെടുത്തിയ ഉപഭോഗം. ഏപ്രിൽ 13-ലെ 5933 മെഗാവാട്ട് എന്ന റെക്കോർഡാണ് ഇതോടെ തിരുത്തപ്പെട്ടത്.
കെ.എസ്.ഇ.ബി മുന്നറിയിപ്പ്:
വൈകുന്നേരം 6 മുതൽ രാത്രി 11 വരെയുള്ള സമയത്ത് നിയന്ത്രണം പാലിക്കുക. ഉപഭോഗം കുത്തനെ ഉയർന്നത് കെ.എസ്.ഇ.ബിയെ കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്. പ്രതിസന്ധി ഒഴിവാക്കാൻ ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കാനാണ് നിലവിലെ തീരുമാനം. എങ്കിലും പീക്ക് സമയങ്ങളിൽ വൈദ്യുതി ഉപയോഗം കുറച്ചില്ലെങ്കിൽ വിതരണ ശൃംഖലയെ ബാധിക്കുമെന്ന് ബോർഡ് മുന്നറിയിപ്പ് നൽകുന്നു.