കേരളത്തിൽ ഇന്നും നാളെയും 12 ജില്ലകളിൽ ഉയർന്ന താപനില തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത് പാലക്കാട് ജില്ലയിലാണ്. ഇവിടെ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.

ജില്ലയിൽ കഴിഞ്ഞ ദിവസം 40 ഡിഗ്രിക്ക് മുകളിൽ ചൂട് രേഖപ്പെടുത്തിയിരുന്നു, ഇത് ഈ സീസണിലെ റെക്കോർഡാണ്. കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ട്.

തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ താപനില 36 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ ചൂട് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

ഉയർന്ന താപനിലയും വായുവിലെ ഈർപ്പവും കാരണം മലയോര മേഖലകളൊഴികെയുള്ള സ്ഥലങ്ങളിൽ തിങ്കളാഴ്ച വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥ തുടരാൻ സാധ്യത.

Related Posts