സുവർണ്ണ കർണാടക കേരള സമാജം സംഘടിപ്പിക്കുന്ന സാഹിത്യോത്സവം “സുവർണ തൂലിക 2026” നാളെ ഹെന്നൂർ ശ്രീരാം ഗ്ലോബൽ സ്കൂളിൽവച്ച് നടക്കും. “സുവർണ്ണ തൂലിക 2026” പരിപാടിയുടെ ഭാഗമായി “നിർമ്മിതബുദ്ധിയും സർഗ്ഗാത്മകതയും” എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന സംവാദത്തിൽ പ്രമുഖ ചിന്തകനും പ്രഭാഷകനുമായ സുനിൽ പി. ഇളയിടം മുഖ്യ പ്രഭാഷണം നടത്തും. ഡിജിറ്റൽ കാലഘട്ടം മനുഷ്യജീവിതത്തിലും തൊഴിൽ മേഖലകളിലും സാഹിത്യരംഗത്തും സൃഷ്ടിക്കുന്ന പുതിയ മാറ്റങ്ങൾ, വെല്ലുവിളികൾ, സാധ്യതകൾ എന്നിവയെ ആഴത്തിൽ പരിശോധിക്കുന്നതിനുള്ള വേദിയായിരിക്കും ഈ സംവാദം.
നോവൽ, ചെറുകഥ, കവിത എന്നീ വിഭാഗങ്ങളിൽ മികവ് തെളിയിച്ച എഴുത്തുകാരെ സുവർണ തൂലിക അവാർഡ് നൽകി ആദരിക്കും. ജഗദ കല്യാണിയുടെ ‘ഹൃദയപൂർവ്വം’ എന്ന പുസ്തകത്തിൻ്റെ പ്രകാശനചടങ്ങും ഇതിനോടനുബന്ധിച്ചു നടക്കും. ലോക കേരളസഭയിൽ നാലാം തവണയും അംഗമായി നോമിനേറ്റ് ചെയ്യപ്പെട്ട ശശിധരനെ ചടങ്ങിൽ ആദരിക്കും.
മലയാള സിനിമയുടെ അമരക്കാരനായ സംവിധായകനും കഥാകൃത്തുമായ പത്മരാജൻ്റെ സ്മരണാർത്ഥം “പത്മരാജൻ സ്മൃതി” എന്ന പ്രത്യേക പരിപാടി വൈകുന്നേരം 6 മണിക്ക് നടക്കും.
രാവിലെ 9:00 മുതൽ നടക്കുന്ന മുഴുനീള സാഹിത്യോത്സവത്തിൽ പ്രധാന പരിപാടിയായ പത്മരാജൻ സ്മൃതി വൈകിട്ട് 6 മുതൽ 8 വരെയായിരിക്കും. പരിപാടിയിൽ പത്മരാജൻ്റെ മകൻ അനന്തപത്മനാഭൻ മുഖ്യാതിഥി ആയിരിക്കും. പത്മരാജൻ്റെ സിനിമകളും സാഹിത്യ സൃഷ്ടികളും അനുസ്മരിക്കുന്ന പ്രഭാഷണങ്ങൾ, അനുഭവങ്ങൾ പങ്കുവെക്കൽ, കലാപരിപാടികൾ എന്നിവയും അരങ്ങേറും. അനീസ് സി പരിപാടിയുടെ മോഡറേറ്റർ ആയിരിക്കും.
സാംസ്കാരിക-സാഹിത്യ മേഖലകളിൽ താൽപര്യമുള്ള എല്ലാവരും പരിപാടിയിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.