കേരളത്തിൽ ചൂട് കൂടുന്ന സാഹചര്യത്തിൽ അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അൾട്രാവയലറ്റ് സൂചിക പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ പതിച്ചത് ഇടുക്കി ജില്ലയിലെ മൂന്നാറിലലും പത്തനംതിട്ട ജില്ലയിലെ കോന്നിയിലുമാണ്.

അൾട്രാവയലറ്റ് സൂചികയിൽ 9 രേഖപ്പെടുത്തിയ ഇവിടങ്ങളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം ജില്ലയിലെ ചങ്ങനാശേരി (8), ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ (8), പാലക്കാട് ജില്ലയിലെ തൃത്താല (8) എന്നിവിടങ്ങളിലും ഓറഞ്ച് അലർട്ടാണ്.

അതേസമയം തൃശൂർ ജില്ലയിലെ ഒല്ലൂർ (ഏഴ്), മലപ്പുറം ജില്ലയിലെ പൊന്നാനി (7), കൊല്ലം ജില്ലയിലെ കൊട്ടാരക്കര (7), കോഴിക്കോട് ജില്ലയിലെ ബേപ്പൂർ (6), വയനാട് ജില്ലയിലെ മാനന്തവാടി (6), എറണാകുളം ജില്ലയിലെ കളമശേരി (7) എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അൾട്രാവയലറ്റ് സൂചിക 6 മുതൽ 7 വരെ യെല്ലോ അലർട്ടും 8 മുതൽ 10 വരെ ഓറഞ്ച് അലർട്ടും 11ന് മുകളിലാണെങ്കിൽ റെഡ് അലർട്ടുമാണ് നല്കുന്നത്.

Related Posts