ഡൽഹിയിലെ 24 അക്ബർ റോഡിലെ ബംഗ്ലാവ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ദേശീയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബംഗ്ലാവ് ആണ് മാർച്ച് 28നകം ഒഴിയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ നോട്ടീസ് നൽകിയത്. കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയത്തിന്റെതാണ് കർശന നിർദേശം.
1978 മുതൽ കോൺഗ്രസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ ബംഗ്ലാവ് ഇന്ദിരാഗാന്ധിയുടെ കാലം മുതലുള്ള പാർട്ടിയുടെ അധികാര കേന്ദ്രമാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി കോൺഗ്രസിന്റെ രാഷ്ട്രീയ തന്ത്രങ്ങൾ മെനയുന്ന പ്രധാന കേന്ദ്രമാണിത്.
കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള കോൺഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഉൾപ്പെടെയുള്ള നിർണായക യോഗങ്ങൾ പലതും ചേരുന്നത് കോൺഗ്രസിന്റെ ഈ പഴയ ദേശീയ ആസ്ഥാനത്താണ്.
രാഷ്ട്രീയ പാർട്ടികൾക്ക് സ്വന്തമായി ഭൂമി അനുവദിച്ചു കഴിഞ്ഞാൽ, നിലവിൽ കൈവശം വെച്ചിരിക്കുന്ന സർക്കാർ ബംഗ്ലാവുകൾ നിശ്ചിത സമയത്തിനകം തിരികെ നൽകണമെന്ന ചട്ടപ്രകാരമാണ് നടപടി.