രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും. പരാതിക്കാരിയുടെ അഭിഭാഷകൻ കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട ചില രേഖകൾ മുദ്രവച്ച കവറിൽ സുപ്രീം കോടതി രജിസ്ട്രാർക്ക് കെെമാറിയിരുന്നു.
ഇതിനു പിന്നാലെയാണ് ബുധനാഴ്ച പരിഗണിക്കുന്ന കേസുകളുടെ പട്ടികയിൽ സുപ്രീം കോടതി ഹർജി ലിസ്റ്റ് ചെയ്തത്. എന്നാൽ മുദ്രവച്ച കവറിലെ രേഖകൾ എന്താണെന്ന് വ്യക്തമല്ല. ജസ്റ്റിസുമാരായ എം എം സുന്ദരേഷ് എൻ കെ സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പരാതിക്കാരി മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഉന്നയിക്കുന്നതെന്നാണ് വിവരം. പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയുൾപ്പെടെ 10 പേരെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് ഹർജിയിൽ ആരോപിച്ചിരിക്കുന്നത്.
രാഹുലിൻ്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആദ്യ പരാതിക്കാരിയാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. ഈ മാസം ആദ്യമായിരുന്നു പരാതിക്കാരി സുപ്രീംകോടതിയെ സമീപിച്ചത്.