അന്താരാഷ്ട്ര വിപണിക്കൊപ്പം സംസ്ഥാനത്തും സ്വർണവില കുതിച്ചുയരുന്നു. ഇന്ന് ഗ്രാമിന് 95 രൂപയും പവന് 760 രൂപയും കൂടി വീണ്ടും സർവകാല റെക്കോഡിലെത്തി. ഒരു ഗ്രാമിന് 7905 രൂപയും പവന് 63,240 രൂപയുമാണ് ഇന്നത്തെ വില. ലോകവിപണിയിൽ കഴിഞ്ഞ ദിവസം സ്പോട്ട് ഗോൾഡിൻ്റെ വിലയിൽ 0.9 ശതമാനം വർധനയാണ് ഉണ്ടായത്. ഔൺസിന് 2,897.29 ഡോളറായാണ് വില വർധിച്ചത്.
വില 2,845.14 ഡോളർ എന്ന റെക്കോഡ് ഉയരത്തിലെത്തിയതിന് ശേഷം പിന്നീട് നേരിയ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. നാല് ആഴ്ചക്കിടെ ഏഴായിരം രൂപയുടെ വര്‍ധനവാണ് സ്വര്‍ണ വിലയില്‍ ഉണ്ടായത്. യു.എസിൽ സ്വർണത്തിൻ്റെ ഭാവി വിലകളും ഉയരുകയാണ്. 0.3 ശതമാനത്തിൻ്റെ വർധനയാണ് സ്വർണത്തിൻ്റെ ഭാവി വില ഉയർന്നത്.
വ്യാപാര യുദ്ധത്തിന് തുടക്കം കുറിക്കുന്ന രീതിയിലുള്ള യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ നടപടികളാണ് സ്വർണവില ഉയരാനുള്ള പ്രധാന കാരണം. ട്രംപിൻ്റെ നീക്കത്തിന് മറുപടിയായി ചൈന യു.എസിന് മേൽ അധിക തീരുവ ചുമത്തിയിരുന്നു. ഇത് മൂലം സുരക്ഷിത നിക്ഷേപമായ സ്വർണമാണ് കൂടുതൽ പേരും നിക്ഷേപത്തിനായി തെരഞ്ഞെടുക്കുന്നത്. ഇത് വിലയെ സ്വാധീനിക്കുന്നുണ്ട്.