മദ്ധ്യപൂർവ്വേഷ്യയിൽ യുദ്ധം നടക്കുന്നതിനെ തുടർന്ന് ഗാർഹികവും വാണിജ്യവുമായ മേഖലകളിലേക്കുള്ള എൽപിജി ചരക്കുനീക്കം തടസ്സപ്പെട്ട സാഹചര്യത്തിൽ രാജ്യത്തിനകത്തെ എൽപിജി വിതരണത്തിന് കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുമൂലം ഉണ്ടായിരിക്കുന്ന ഗുരുതര സാഹചര്യത്തെ നേരിടാന്‍ ഭക്ഷ്യ മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും അധ്യക്ഷതയില്‍ ഉന്നത ഉദ്യോഗസ്ഥരുടെയും ഓയില്‍ കമ്പനികളുടെയും (IOC, BPCL, HPCL) യോഗം ചേരുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും പ്രതിസന്ധിയെ നേരിടുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. സിവില്‍ സപ്ലൈസ് കമ്മീഷണറേറ്റില്‍ ഇതിനായി ഒരു വാര് റൂം സജ്ജമാക്കി.
ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൻ്റെ സവിശേഷ സാഹചര്യം പരിഗണിച്ച് വാണിജ്യ ആവശ്യത്തിനുള്ള ഗ്യാസ് സിലണ്ടര്‍ വിതരണത്തിലെ നിയന്ത്രണത്തില്‍ ആവശ്യമായ ഇളവുകള്‍ നല്‍കണമെന്ന് ഓയില്‍ കമ്പനികളോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം അഭ്യര്‍ത്ഥിച്ചുകൊണ്ട് കേന്ദ്ര പെട്രോളിയം – പ്രകൃതിവാതക വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരിയ്ക്ക് മന്ത്രി ജി.ആര്. അനില്‍ കത്ത് നല്കി. മുന്‍ഗണനാ മേഖലകളായ വൃദ്ധസദനങ്ങള്‍, ആശുപത്രികള്‍, അനാഥാലയങ്ങള്‍, സ്കൂളുകള്‍, ജനകീയ / സുഭിക്ഷാ ഹോട്ടലുകള്‍ എന്നിവിടങ്ങളിലും സ്കൂള്‍, കോളേജ് ഹോസ്റ്റലുകളിലും ഹോസ്റ്റലുകളോട് ചേര്‍ന്നുള്ള ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകള്‍, സര്‍ക്കാര്‍ – പൊതുമേഖല ഓഫീസ് ക്യാമ്പസിലെ ക്യാന്റീനുകള്‍ എന്നിവയിലും മുന്‍ഗണന നല്കി വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകള്‍ വിതരണം ചെയ്യാന്‍ തയ്യാറാകണമെന്നുള്ള സര്‍ക്കാരിൻ്റെ അഭ്യര്‍ത്ഥന അനുകൂലമായി പരിഗണിക്കാമെന്ന് ഓയില്‍ കമ്പനികള്‍ അറിയിച്ചു.