ദേശീയപാത ഉദ്ഘാടന വിവാദം: ആരെയൊക്കെ വിളിക്കണമെന്ന് സർക്കാർ പറയണമായിരുന്നു: കേന്ദ്രമന്ത്രി സുരേഷ് ഗോപി
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെ ദേശീയപാത 66ൻ്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഉദ്ഘാടന പരിപാടിയിൽ ഒഴിവാക്കിയത് വിവാദമായതിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. സംസ്ഥാന സർക്കാരിനെ ഉദ്ഘാടന പരിപാടി അറിയിച്ചിട്ടുണ്ടെന്നും ആരെയൊക്കെ വിളിക്കണമെന്ന് സർക്കാർ പറയണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തന്നെയും കേന്ദ്രഫണ്ട് ഉപയോഗിച്ച് മണ്ഡലത്തിൽ നടത്തുന്ന പദ്ധതികളുടെ ഉദ്ഘാടനം അറിയിക്കാറില്ല. അങ്ങനെയെങ്കിൽ താൻ എത്ര സമാന്തര ഉദ്ഘാടനങ്ങൾ നടത്തേണ്ടി വരുമെന്നും നിലവിലെ അവകാശവാദങ്ങൾ രാഷ്ട്രീയമായി മാത്രം കണ്ടാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
സിപിഐഎമ്മിന് രാഷ്ട്രീയ വിവാദങ്ങൾ ആവശ്യമാണ്. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പ്രചാരണം മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിയായിട്ടും ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡിൻ്റെ പരിപാടിയ്ക്ക് എത്തിയപ്പോൾ തന്നെയും ദേഹപരിശോധന നടത്തിയെന്നും 4 സ്ഥലത്ത് ആധാർ കാർഡ് ചോദിച്ചെന്നും കേന്ദ്രമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.