മലപ്പുറത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. കൊണ്ടോട്ടി മൊറയൂരിൽ ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. കരിപ്പൂർ വിമാനത്താവളത്തിൽ ബന്ധുവിനെ ഇറക്കി മടങ്ങി വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. മലപ്പുറം മേലാറ്റൂർ സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം.
എതിർദിശയിൽ വന്ന സ്വകാര്യ ബസിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പൂർണമായും തകർന്ന നിലയിലായിരുന്നു കാർ. ഏറെ പരിശ്രമിച്ചാണ് വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. ഉടനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരുടെ ജീവൻ രക്ഷിക്കാനായില്ല.