ബെംഗളൂരുവിൻ്റെ പടിഞ്ഞാറൻ ഭാഗത്തെ റോഡ് പദ്ധതികൾ പുനരുജ്ജീവിപ്പിച്ച് കർണാടക സർക്കാർ. ബിഡദിയെയും നെലമംഗലയെയും ബന്ധിപ്പിക്കുന്ന ഇടനാഴിയാണ് ഉടൻ പൂർത്തിയാക്കുക. പദ്ധതിക്കായി ഏകദേശം 900 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഭൂമി ഏറ്റെടുക്കലിനായി 450 കോടി രൂപയാണ് വേണ്ടിവരിക. ബെംഗളൂരു – മൈസൂരു ഹൈവേ വഴി ഹൊസൂർ റോഡിനെയും തുമകുരു റോഡിനെയും ബന്ധിപ്പിക്കാൻ പദ്ധതിയിട്ട സാറ്റലൈറ്റ് ടൗൺ റിങ് റോഡ് പദ്ധതി നടപ്പിലാക്കുന്നതിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ കാലതാമസം നേരിടുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
നെലമംഗലയിൽ നിന്ന് ബിഡദിയിലേക്ക് 43 കിലോമീറ്റർ ദൈർഘ്യമുള്ള നിർദിഷ്ട റോഡ് നൈസ് റോഡിന് പകരമായി പ്രവർത്തിക്കും. തവരെക്കെരെ, സോണ്ടെകൊപ്പ വഴിയാണ് പാത ആസൂത്രണം ചെയ്തിരിക്കുന്നത്. പാത തുമകുരു റോഡിനും ബെംഗളൂരു – മൈസൂരു ആക്സസ് കൺട്രോൾഡ് ഹൈവേയ്ക്കും ഇടയിൽ കണക്റ്റിവിറ്റിയുണ്ടാക്കും.