കർണാടകയിൽ സഹപാഠിയുടെ ഇരുമ്പുവടികൊണ്ടുള്ള ആക്രമണത്തിൽ ഒൻപതാം ക്ലാസുകാരൻ കൊല്ലപ്പെട്ടു. ആന്ധ്രാപ്രദേശ് സ്വദേശിയായ ഹേമന്താണ് മരിച്ചത്. കർണാടക ബെല്ലാരി ജില്ലയിലെ ഗുരുകുൽ ഇൻ്റർനാഷണൽ സ്‌കൂൾ ഹോസ്‌റ്റലിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ആക്രമണത്തിൽ 7 വിദ്യാർത്ഥികൾക്കും പരിക്കേറ്റിട്ടുണ്ട്. ഉറങ്ങിക്കിടന്ന കുട്ടികളാണ് ആക്രമത്തിനിരയായത്.

ഭക്ഷണം കഴിച്ചതിനുശേഷം കുട്ടികൾ ഉറങ്ങാൻ പോയ സമയത്താണ് അതിക്രമം ഉണ്ടായതെന്നാണ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയത്. ചെറിയ തർക്കത്തെ തുടർന്നാണ് പ്രതി ആക്രമണം നടത്തിയതെന്നാണ് സുചന. എന്നാൽ കുട്ടി സഹപാഠികളെ ബെഡ് റോഡ് ഉപയോഗിച്ചാണ് ആക്രമിച്ചതെന്നാണ് വിവരം.

പ്രതി ഇരുമ്പുവടി ഉപയോഗിച്ചാണ് കുട്ടികളെ മർദിച്ചതെന്നാണ് സ്കൂ‌ൾ അധികൃതരുടെ വിശദീകരണം. പ്രതി കത്തിയുപയോഗിച്ചിട്ടുണ്ടെന്നാണ് ഹേമന്തിന്‍റെ കുടുംബം ആരോപിക്കുന്നത്. ഹോസ്‌റ്റൽ വാർഡനെയും കുട്ടികളെയും ഉപദ്രവിച്ചശേഷം പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു.

ബെല്ലാരിയിലെ വിജയനഗര ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിൽ പരിക്കേറ്റ കുട്ടികളെ പ്രവേശിപ്പിച്ചിട്ടുണ്ട്. ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. പ്രതി മയക്കുമരുന്നിന് അടിമയാണെന്നും മകന്‍റെ മരണത്തിൽ സ്‌കൂൾ അധികൃതരാണ് പൂർണ ഉത്തരവാദികളാണെന്നുമാണ് കുടുംബം ആരോപിക്കുന്നത്.

Related Posts