അടുത്ത അഞ്ചുവർഷത്തിൽ 25,000 പുതിയ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ആരംഭിക്കാൻ കർണാടക സർക്കാർ 518 കോടി രൂപ വകയിരുത്താനും തീരുമാനിച്ചു. കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭായോഗം 2025-30 കാലഘട്ടത്തിലേക്കുള്ള സ്റ്റാർട്ടപ്പ് നയത്തിന് അംഗീകാരം നൽകി. രാജ്യത്ത് സ്റ്റാർട്ടപ്പുകൾക്ക് ഏറ്റവും അനുകൂലസാഹചര്യം കർണാടകത്തിലാണെന്ന് ഐടി മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു. രാജ്യത്തെ ആകെ സ്റ്റാർട്ടപ്പുകളിൽ 15 ശതമാനവും കർണാടകത്തിലാണ്. ആഗോള സ്റ്റാർട്ടപ്പ് സൂചികയിൽ രാജ്യന്തരതലത്തിൽ ബെംഗളൂരുവിന് പത്താം സ്ഥാനമുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി പുതിയ നയം സ്റ്റാർട്ടപ്പ് വികസനത്തിന് ഊർജംപകരുമെന്നും കൂട്ടിച്ചേർത്തു.
ബെംഗളൂരുവിന് പുറത്തേക്ക് പുതിയ സംരംഭങ്ങൾ എത്തിക്കുകയെന്ന ലക്ഷ്യവും സ്റ്റാർട്ടപ്പ് നയത്തിനുണ്ട്. സ്റ്റാർട്ടപ്പുകളിൽ 10,000 എണ്ണം തലസ്ഥാനനഗരത്തിന് പുറത്തായിരിക്കും. ബെംഗളൂരു കൂടാതെ മൈസൂരു, ഹുബ്ബള്ളി, മംഗളൂരു തുടങ്ങിയ നഗരങ്ങളിലേക്ക് സംരംഭങ്ങൾ വ്യാപിപ്പിക്കും. പുതിയ 10,000 സംരംഭങ്ങൾ ഈ നഗരങ്ങളിലായിരിക്കും. കർണാടകത്തിൽ നിലവിൽ 18,000 സ്റ്റാർട്ടപ്പുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 25,000 സംരംഭങ്ങൾ കൂടിയാകുന്നതോടെ സ്റ്റാർട്ടപ്പുകളുടെ എണ്ണം 43,000 ആയി വർധിക്കും.
ക്വാണ്ടം കംപ്യൂട്ടിങ്, നിർമിതബുദ്ധി(എഐ), ബ്ലോക്ക് ചെയിൻ തുടങ്ങിയ മേഖലകളിൽ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുമെന്നാണ് നയത്തിൽ പറയുന്നത്. അടിസ്ഥാനസൗകര്യം, മാർഗനിർദേശം തുടങ്ങിയവ സർക്കാർ ലഭ്യമാക്കും. സുസ്ഥിര വികസനം, നൂതന സാങ്കേതികവിദ്യ തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള വികസനമാണ് നയം ലക്ഷ്യമിടുന്നതെന്ന് വ്യവസായമന്ത്രി എച്ച്.കെ. പാട്ടീൽ പറഞ്ഞു.