കർണാടക – കേരള അതിർത്തിക്കു സമീപം ദേശീയപാതയിലെ തൊക്കോട്ട് ഫ്ലൈ ഓവറിൽവച്ച് ഗുണ്ടാനേതാവിനെ വെട്ടിക്കൊന്നത് ആറംഗ സംഘമാണെന്ന് അന്വേഷണസംഘം. മംഗളൂരു കുദ്രോളി സ്വദേശിയായ ആരിഫ് ഹുസൈൻ എന്ന ടാബ്ലറ്റ് ആരിഫ് (42) ആണ് വെള്ളിയാഴ്ച പുലർച്ചെ ഫ്ലൈഓവറിനു മുകളിൽ വച്ചുണ്ടായ ഗുണ്ടാ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
കൊലയാളിസംഘമെത്തിയത് കേരള രജിസ്ട്രേഷനുള്ള കാറിലാണെന്നും മൂന്നുപേരെ തിരിച്ചറിഞ്ഞതായും അന്വേഷണസംഘം അറിയിച്ചു. കൊലയിൽ നേരിട്ടു പങ്കെടുത്തവർ ബംഗളൂരുവിലേക്കു കടന്നതായാണു സൂചന. കൊലയാളികൾ സഞ്ചരിച്ച കേരള രജിസ്ട്രേഷനിലുള്ള ഇന്നോവ കാർ കർണാടകയിലെ വിട്ളയ്ക്കു സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കാറിന്റെ ഉടമ മലയാളിയാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.
ആരിഫ് സഞ്ചരിച്ച ബൈക്കിൽ കാറിടിച്ചു വീഴ്ത്തിയതിനു ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആരിഫ് നിരവധി കേസുകളിൽ പ്രതിയും മംഗളൂരു പോലീസിന്റെ ഗുണ്ടാപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന ആളായിരുന്നു. നാലുവർഷം മുമ്പ് തൊപ്പി നൗഫൽ എന്നയാളിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വധശ്രമത്തിൽനിന്ന് രക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ നവംബറിൽ തൊപ്പി നൗഫലിനെ ഉപ്പള റെയിൽവേ സ്റ്റേഷനു സമീപം ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഈ സംഭവവും കൊലപാതകമാണെന്ന സംശയമുയർന്നിരുന്നു. ഇതിന്റെ പ്രതികാരമായാണ് ആരിഫിനു നേരെ ആക്രമണമുണ്ടായതെന്നാണ് സംശയം.