നടൻ മമ്മൂട്ടിക്കെതിരെ കടുത്ത സൈബർ ആക്രമണം. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമ്മിച്ച ടൗൺഷിപ്പ് സന്ദർശിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ കടുത്ത സൈബർ ആക്രമണം. സന്ദർശനത്തിനിടെ തന്നെ അനുഗമിച്ച നടന്ന സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടതാണ് ഇടതുപക്ഷ അനുഭാവികളെ ചൊടിപ്പിച്ചത്.
സന്ദർശനത്തിനിടെ കൂടെ നടന്ന ജില്ലാ സെക്രട്ടറിയോട്, “എപ്പോഴും നിങ്ങൾ എന്റെയൊപ്പം നടന്നാൽ ഞാൻ നിങ്ങൾക്ക് വേണ്ടിയാണ് വന്നതെന്ന് ആളുകൾ തെറ്റിദ്ധരിക്കില്ലേ” എന്ന് നടൻ ചോദിച്ചിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് സൈബർ ആക്രമണം ആരംഭിച്ചത്.
“പാർട്ടിയാണ് ആദ്യം, അത് കഴിഞ്ഞേയുള്ളൂ ഏത് മമ്മൂട്ടിയും”, “ഒരു മനുഷ്യനോട് എങ്ങനെ പെരുമാറണം എന്ന മിനിമം മര്യാദ എങ്കിലും കാണിക്കണം” തുടങ്ങിയ കമന്റുകളുമായാണ് പലരും താരത്തിനെതിരെ രംഗത്തെത്തിയത്. എന്നാൽ മമ്മൂട്ടി ആഗ്രഹിച്ചത് തികച്ചും സ്വകാര്യമായ സന്ദർശനമായിരുന്നുവെന്നും മാധ്യമങ്ങളെ പോലും അറിയിക്കാതെ ചെന്നൈയിൽ നിന്ന് ടൗൺഷിപ്പ് കാണാൻ മാത്രമായാണ് അദ്ദേഹം എത്തിയതെന്നുമാണ് മമ്മൂട്ടിയെ അനുകൂലിക്കുന്നവരുടെ വാദം.