കേരളത്തിലെ ഏറ്റവും വലിയ പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ 11.30 നാണ് ഉദ്ഘാടന ചടങ്ങ് നടക്കുക. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. ചടങ്ങിൽ മന്ത്രിമാരായ പി. പ്രസാദ്, കെ.എൻ. ബാലഗോപാൽ, സജി ചെറിയാൻ, ജില്ലയിലെ എംപിമാരും എംഎൽഎമാരും മറ്റ് ജനപ്രതിനിധികളും പങ്കെടുക്കും.
കിഫ്ബിയിലൂടെ 106 കോടി രൂപ വകയിരുത്തിയാണ് സർക്കാർ പദ്ധതി യാഥാർഥ്യമാക്കിയത്. അരൂക്കുറ്റിയിലെ വടുതലയെയും പെരുമ്പളം ദ്വീപിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പെരുമ്പളം-പാണാവള്ളി പാലം. 1,455.40 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലത്തിൽ കാൽനട യാത്രക്കാർക്കായി ഇരുവശങ്ങളിലുമായി 1.5 മീറ്റർ വീതിയിൽ സുരക്ഷിതമായ നടപ്പാതകൾ ഒരുക്കിയിട്ടുണ്ട്.