അമേരിക്ക ആക്രമിച്ച് തകര്‍ത്ത ഇറാനിയൻ യുദ്ധകപ്പൽ വിശാഖപട്ടണത്തുവെച്ച് നടന്ന സൈനികാഭ്യാസത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നുവെന്ന് റിപ്പോർട്ട്. യുഎസും ഇസ്രയേലും നടത്തുന്ന ആക്രമണങ്ങളുടെ തുടർച്ചയായി ആയിരുന്നു ശ്രീലങ്കൻ സമുദ്രാതിർത്തിക്ക് അടുത്തുവെച്ച് ബുധനാഴ്ച പുലർച്ചെ ആക്രമണം നടന്നത്.
ഫെബ്രുവരി 15 മുതൽ 25 വരേയായിരുന്നു വിശാഖപട്ടണത്ത് വെച്ച് മിലാൻ 2026 ബഹുരാഷ്ട്ര നാവിക സേനാഭ്യാസം നടന്നത്. ഇതിൽ പങ്കെടുക്കാനായാണ് ഐറിസ് ദെന എന്ന ഇറാൻ്റെ സൈനിക കപ്പൽ ഇന്ത്യയിൽ എത്തിയത്. ഇതിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു അമേരിക്കൻ അന്തർവാഹിനിയുടെ ആക്രമണമുണ്ടായത്.
80 പേർ കൊല്ലപ്പെട്ടതായി ശ്രീലങ്കയുടെ ഡെപ്യൂട്ടി വിദേശകാര്യമന്ത്രിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. എന്നാൽ, മരണസംഖ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 32 പേരെ ശ്രീലങ്കൻ അധികൃതർ രക്ഷപ്പെടുത്തിയതായാണ് വിവരം. 148 ഓളം പേരെ കാണാതായെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.