നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മലുകൾ കവർന്ന സംഭവത്തിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. നാരായണി നദിയിൽ ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്നാണ് പ്രതികൾ സ്വർണക്കമ്മൽ മോഷ്ടിച്ചത്.
സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്. വീഡിയോയിൽ ഒരാൾ വലിയ വടിക്കഷ്ണം ഉപയോഗിച്ച് സ്ത്രീയുടെ തല ഉയർത്തിക്കൊടുക്കുന്നതും മറ്റൊരാൾ മുടിയിൽ പിടിച്ച് തല ഉയർത്തി കമ്മൽ ഊരിയെടുക്കുന്നതും കാണാം. സമീപത്തുണ്ടായിരുന്നവർ സംഭവം നോക്കിനിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
വീഡിയോ വൈറലായതോടെ ജനരോഷം ശക്തമായതിനെ തുടർന്ന് പൊലീസ് ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിയുകയായിരുന്നു. തുടർന്ന് പൊഖാര ബസ് ടെർമിനലിന് സമീപത്ത് നിന്നാണ് ഇരുവരെയും പിടികൂടിയത്.
മദൻ ഗുരുങ് (25), ഭരത്പൂർ സ്വദേശിയായ ഉമേഷ് ചൗധരി (38) എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. ഇരുവരെയും വിശദമായി ചോദ്യം ചെയ്യുന്നതിനായി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
മിന്നൽപ്രളയത്തെ തുടർന്ന് നാരായണി, ത്രിശൂലി നദികളുടെ തീരങ്ങളിൽ നിന്ന് നിരവധി മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഇവ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ കവർന്നത്.
സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും മറ്റ് എന്തെങ്കിലും മോഷണങ്ങൾ നടന്നിട്ടുണ്ടോയെന്നും പരിശോധിച്ചുവരികയാണെന്ന് നേപ്പാൾ പൊലീസ് അറിയിച്ചു.