ഇന്ത്യയുടെ അഭിമാനമായ യുപിഐ (ഏകീകൃത പേയ്മെന്റ് ഇന്റർഫേസ്) ഇനി ഇസ്രായേലിലും ലഭ്യമാകും. ഇതോടെ ഇസ്രായേലിലെയും ഇന്ത്യയിലെയും വിനോദസഞ്ചാരികൾക്കും ബിസിനസുകാർക്കും തടസ്സമില്ലാത്ത ഡിജിറ്റൽ പേയ്മെന്റുകൾ സാധ്യമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേൽ സന്ദർശനത്തിനിടെയാണ് ഈ പ്രഖ്യാപനം. ആഗോളതലത്തിൽ ഇന്ത്യയുടെ ഫിൻടെക് മേഖലയെ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
ഡിജിറ്റൽ പേയ്മെന്റുകൾക്ക് പുറമേ ബഹിരാകാശ പര്യവേഷണം, സിവിൽ ആണവോർജ്ജം, അത്യാധുനിക സാങ്കേതികവിദ്യകൾ, കൃഷി, പ്രതിരോധം എന്നീ മേഖലകളിലും സഹകരണം വർദ്ധിപ്പിക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാറിന് അന്തിമരൂപം നൽകുന്നതിനുള്ള ചർച്ചകൾ വേഗത്തിലാക്കാനും ഇസ്രായേൽ സന്ദർശനത്തിലൂടെ ധാരണയായി.