ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ധാരണ ഇന്ന് ഒപ്പുവെക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. ധാരണ യാഥാർഥ്യമായാൽ ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്നും, ആണവ വിഷയങ്ങൾ ഉൾപ്പെടെയുള്ള ബാക്കി വിഷയങ്ങളിൽ 60 ദിവസത്തിനകം അന്തിമ കരാറിലെത്തുമെന്നും ട്രംപ് അറിയിച്ചു. അതേസമയം, ചർച്ചകൾ പുരോഗമിക്കുകയാണെങ്കിലും ധാരണയ്ക്ക് ഇതുവരെ അന്തിമ രൂപമായിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ തമ്മിലുള്ള ചർച്ചകൾ ജനീവയിൽ തുടരുകയാണ്.
അമേരിക്കൻ വൈസ് പ്രസിഡണ്ട് ജെ.ഡി. വാൻസും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫും തമ്മിൽ പ്രാഥമിക കരാറിൽ ഒപ്പുവെച്ചേക്കുമെന്നാണ് സൂചന. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുക, ഇറാൻ്റെ തുറമുഖങ്ങൾക്ക് മേലുള്ള അമേരിക്കൻ നാവിക ഉപരോധം പിൻവലിക്കുക, മരവിപ്പിച്ചിരിക്കുന്ന ഇറാനിയൻ ആസ്തികളിൽ ഇളവ് നൽകുക, എണ്ണ കയറ്റുമതിക്ക് മേലുള്ള ഉപരോധങ്ങൾ ഭാഗികമായി ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾ ധാരണയുടെ ഭാഗമായേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഇറാന്റെ ആണവ പദ്ധതിയെ ചൊല്ലിയുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനായി കൂടുതൽ സാങ്കേതികതല ചർച്ചകൾ തുടരുമെന്നാണ് വിവരം. സമഗ്രമായ സമാധാന കരാറിലേക്കുള്ള ആദ്യഘട്ട നീക്കമായാണ് നിലവിലെ ധാരണയെ വിലയിരുത്തുന്നത്.
ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷാവസ്ഥ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പ്രാഥമിക സമാധാന കരാർ 24 മണിക്കൂറിനകം ഒപ്പുവെക്കുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. അടുത്തയാഴ്ചയും ചർച്ചകൾ തുടരുമെന്നും അദ്ദേഹം സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചിരുന്നു.