യുവതിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ ഇന്ത്യൻ വംശജനായ ഗഗൻദീപ് സിംഗിന് 34 വർഷം തടവുശിക്ഷ വിധിച്ച് ബ്രിട്ടീഷ് കോടതി. ശിക്ഷയുടെ ഭാഗമായി കുറഞ്ഞത് 28 വർഷമെങ്കിലും ജയിൽവാസം അനുഭവിക്കേണ്ടിവരും. 18 വർഷം പൂർത്തിയാകുന്നതിന് മുമ്പ് പരോളിനും അർഹതയുണ്ടാകില്ല.

2024 ജൂണിൽ തായ്‌ലൻഡിൽ നിന്ന് മടങ്ങുകയായിരുന്ന യുവതിയെ സമീപിച്ച ഗഗൻദീപ് സിംഗ്, ഒരു പെട്ടി യുകെയിൽ എത്തിക്കണമെന്ന ആവശ്യമാണ് മുന്നോട്ടുവച്ചത്. എന്നാൽ യുവതി ഇത് നിരസിച്ചതിനെ തുടർന്ന് ബർമിങ്ഹാം വിമാനത്താവളത്തിൽ നിന്ന് മുഖംമൂടി ധരിച്ച സംഘത്തിൻ്റെ സഹായത്തോടെ ഇവരെ തട്ടിക്കൊണ്ടുപോയെന്നാണ് കേസ്.

തുടർന്ന് പടിഞ്ഞാറൻ ലണ്ടനിലെ ഒരു വീട്ടിലെത്തിച്ച യുവതിയെ പ്രതി ക്രൂരമായി പീഡിപ്പിക്കുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തതായി കോടതി കണ്ടെത്തി. സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും അന്വേഷണത്തിൽ വ്യക്തമായി.

കേസിലെ തെളിവുകളും സാക്ഷിമൊഴികളും പരിശോധിച്ച ശേഷമാണ് കോടതി ഗഗൻദീപ് സിംഗിനെതിരെ കർശന ശിക്ഷ വിധിച്ചത്. വിധിയെ സ്വാഗതം ചെയ്ത അന്വേഷണ ഉദ്യോഗസ്ഥർ, ലൈംഗികാതിക്രമ കേസുകളിൽ ഇരകൾ മുന്നോട്ടുവന്ന് പരാതി നൽകേണ്ടതിൻ്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടി.

Related Posts