വിരമിച്ച അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പര്‍മാരുടെയും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതിനായി 20 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. അങ്കണവാടി ജീവനക്കാരുടെ ക്ഷേമനിധി ബോര്‍ഡിനാണ് സര്‍ക്കാര്‍ സാമ്പത്തിക സഹായം ലഭ്യമാക്കിയത്. ഈ വര്‍ഷം ബോര്‍ഡിനായി 5.44 കോടി രൂപയാണ് സര്‍ക്കാര്‍ സഹായമായി നല്‍കേണ്ടിയിരുന്നത്. എന്നാല്‍, 61.32 കോടി രൂപ ഇതിനകം ലഭ്യമാക്കി.
സാമ്പത്തിക ഞെരുക്കത്തിനിടയിലും വലിയ സഹായമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് ധനകാര്യ മന്ത്രി വ്യക്തമാക്കി. 3 വര്‍ഷത്തിനുള്ളില്‍ ക്ഷേമനിധി ബോര്‍ഡിന് സര്‍ക്കാര്‍ സഹായമായി 96.21 കോടി രൂപ നല്‍കിയിട്ടുണ്ട്. ഈ കാലയളവിലെ ബജറ്റില്‍ ഇതിനായി നീക്കിവച്ചിരുന്നത് 21 കോടി രൂപയായിരുന്നു. എന്നാല്‍, 75 കോടി രൂപയാണ് അധികമായി നല്‍കിയത്.