തരംഗമായി മാറിയ നിവിൻ പോളി ചിത്രം ‘പ്രേമം’ വീണ്ടും വെള്ളിത്തിരയിലേക്ക്. ചിത്രം പുറത്തിറങ്ങി പത്ത് വർഷം തികയുന്ന വേളയിലാണ് സിനിമയെ സ്നേഹിക്കുന്നവർക്കായി അണിയറപ്രവർത്തകർ വീണ്ടും റീ-റിലീസ് ഒരുക്കുന്നത്. വാലന്‍റൈന്‍സ് ഡേ സ്പെഷല്‍ റീ-റിലീസ് ആയാണ് ചിത്രം വീണ്ടും തീയേറ്ററുകളിലേക്ക് എത്തുന്നത്. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത സിനിമ 2015-ലാണ് ആദ്യമായി തിയേറ്ററുകളിൽ എത്തിയത്. അന്ന് കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും വലിയ ചലനമുണ്ടാക്കാൻ പ്രേമത്തിന് സാധിച്ചിരുന്നു. യുവാക്കളുടെ ഹരമായിരുന്ന ജോർജ്ജും മലർ ടീച്ചറും സെലിനുമെല്ലാം ഒരിക്കൽ കൂടി വലിയ സ്ക്രീനിൽ എത്തുന്നതിൻ്റെ ആകാംക്ഷയിലാണ് ആരാധകർ

മുണ്ടും മടക്കിക്കുത്തി കറുത്ത ഷർട്ടും ധരിച്ചെത്തിയ ജോർജ്ജും, തമിഴ് ചുവയുള്ള മലയാളം സംസാരിക്കുന്ന മലർ മിസ്സും മലയാളികളുടെ മനസ്സിൽ ഇന്നും മായാതെയുണ്ട്. സായ് പല്ലവി, അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ എന്നിവരുടെ കരിയറിലെ തന്നെ വലിയ ബ്രേക്ക് ആയിരുന്നു ഈ ചിത്രം.

പിവിആർ ഐനോക്സ് തിയേറ്റർ ശൃംഖല വഴിയാണ് ചിത്രത്തിൻ്റെ ലിമിറ്റഡ് റീ-റിലീസ് ഒരുക്കിയിരിക്കുന്നത്. കേരളം ഉൾപ്പെടെ നാല് തെന്നിന്ത്യൻ സംസ്ഥാനങ്ങളിലെ 14 സെന്ററുകളിലാണ് ഫെബ്രുവരി 13 മുതൽ ചിത്രം എത്തുക. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലും, തമിഴ്‌നാട്ടിൽ ചെന്നൈ, കോയമ്പത്തൂർ, കർണാടകത്തിൽ ബെംഗളൂരു, മംഗളൂരു, തെലങ്കാനയിൽ ഹൈദരാബാദ് എന്നീ പ്രധാന നഗരങ്ങളിലും ചിത്രം റിലീസ് ചെയ്യും.

Related Posts