മെട്രോ സ്റ്റേഷനിൽ പ്രതിഷേധിച്ച ബെംഗളൂരു സൗത്ത് എം.പി തേജ്വസി സൂര്യയെ പോലീസ് അറസ്റ്റുചെയ്ത് നീക്കി. ഒഴിഞ്ഞ പെട്ടിയുമായി ആർ.വി. റോഡ് മെട്രോ സ്റ്റേഷനിലെത്തിയ സമരക്കാരെ പോലീസ് തടയുകയും അറസ്റ്റുചെയ്ത് നീക്കുകയുമായിരുന്നു. കേസെടുത്തശേഷം ഇവരെ വിട്ടയച്ചു. ഒപ്പമുണ്ടായിരുന്ന ജയനഗർ എം.എൽ.എ. സി.കെ. രാമൂർത്തി അടക്കമുള്ളവരെയും കേസെടുത്തശേഷം വിട്ടയച്ചു.
നമ്മ മെട്രോ യാത്രാനിരക്ക് തിങ്കളാഴ്ചമുതൽ വർധിപ്പിക്കാനായിരുന്നു തീരുമാനം. എന്നാൽ, പ്രതിഷേധം ശക്തമായതോടെ നടപ്പാക്കുന്നത് താത്കാലികമായി നിർത്തിവെക്കുകയായിരുന്നു.
താത്കാലികമായി നിർത്തിവെച്ചാൽപോരെന്നാണ് തേജസ്വി സൂര്യയുടെ ആവശ്യം. ജനങ്ങൾക്കുവേണ്ടി ചെലവാക്കാൻ സംസ്ഥാനസർക്കാരിന് പണമില്ലെന്നും അതിനാലാണ് ഒഴിഞ്ഞ പെട്ടിയുമായി താൻ മെട്രോയിൽ യാത്ര ചെയ്യാൻ എത്തിയതെന്നും തേജസ്വി പറഞ്ഞു.
മെട്രോ സ്റ്റേഷനിൽ സമരം നടത്താൻ അനുമതി നൽകാൻ കഴിയില്ലെന്നും ഫ്രീഡം പാർക്കിൽ സമരം നടത്താൻ നിർദേശിച്ചിരുന്നെന്നും അനുമതിയില്ലാതെ സമരം നടത്തിയതിനാണ് അറസ്റ്റെന്നും ആഭ്യന്തരമന്ത്രി ജി.പരമേശ്വര പറഞ്ഞു. ഇതിനിടെ, സംസ്ഥാനസർക്കാരിൻ്റെ ആവശ്യത്തെ ത്തുടർന്നാണ് ബി.എം.ആർ.സി.എൽ. നിരക്കുവർധന നിർത്തിവെച്ചതെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.