തിരുവല്ല നെടുംപറമ്പില്‍ ക്രെഡിറ്റ് ആന്‍ഡ് സിന്‍ഡിക്കേറ്റ് ഉടമയും കേരളാ കോണ്‍ഗ്രസ്-എം മുന്‍ സംസ്ഥാന ട്രഷററുമായിരുന്ന എന്‍.എം. രാജുവുമായി ആന്‍റോ ആന്‍റണി എംപി നടത്തിയ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സില്‍ പരാതി നൽകി. സുപ്രീംകോടതി അഭിഭാഷകന്‍ സുഭാഷ് തീക്കോടനാണ് ഇ-മെയില്‍ മുഖേന പരാതി അയച്ചിരിക്കുന്നത്.

ഇത് പ്രാഥമികാന്വേഷണത്തിനായി വിജിലന്‍സ് പത്തനംതിട്ട യൂണിറ്റിന് ഇന്ന് കൈമാറിയേക്കുമെന്നാണ് റിപ്പോർട്ട്. എന്‍.എം. രാജുവിന്‍റെ പണമിടപാട് സ്ഥാപനത്തിൽ നിന്നും 2 കോടി രൂപ ആന്‍റോ ആന്‍റണി കടം വാങ്ങിയെന്നും 20 ലക്ഷം മാത്രം മടക്കി നല്‍കിയെന്നുമാണ് എന്‍.എം. രാജു കഴിഞ്ഞദിവസം ആരോപണം ഉന്നയിച്ചത്. 2019 ല്‍ നല്ലനിലയില്‍ പ്രവര്‍ത്തിച്ചുവന്ന എന്‍.എം. രാജുവിന്‍റെ പണമിടപാട് സ്ഥാപനം പിന്നീട് അടച്ചുപൂട്ടുകയും ചെയ്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പു കാലത്ത് യുഡിഎഫിന്‍റെ ഭാഗമായിരുന്ന എന്‍.എം. രാജു തന്നെ സാമ്പത്തികമായി സഹായിച്ചിട്ടുണ്ടെന്ന് ആന്‍റോ ആന്‍റണി സമ്മതിച്ചിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞു രണ്ടുമാസത്തിനുശേഷം കടംവാങ്ങിയ പണം തിരികെ നല്‍കിയെന്നും ആന്‍റോ ആന്‍റണി എംപി പറയുന്നു. എന്നാല്‍ എത്ര പണം വാങ്ങിയെന്നോ എത്ര മടക്കി നല്‍കിയെന്നോ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.

Related Posts