കൊല്ലത്ത് ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ സ്കൂളിൽ തടഞ്ഞ സംഭവത്തിൽ കൊട്ടാരക്കര പോലീസ് കേസെടുത്തു. കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരൻ ശങ്കരനെതിരെ അന്യായമായി തടഞ്ഞു വച്ചതിനാണ് കേസെടുത്തത്. ഇന്നലെ രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം.
ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപിക എസ്.സിന്ധു നായരെ സ്കൂളിൽ പ്രവേശിപ്പിക്കാതെ സെക്യൂരിറ്റി ജീവനക്കാരൻ തടഞ്ഞതായിരുന്നു. അധ്യാപികയെ അകത്തേക്ക് പ്രവേശിപ്പിക്കാതെ സ്കൂൾ കോമ്പൗണ്ടിന്റെ ഗേറ്റിന് സമീപം അന്യായമായി തടഞ്ഞുവച്ചുവെന്നും ഇത് മറ്റ് അധ്യാപകരുടെയും കുട്ടികളുടെയും മുന്നിൽ പരാതിക്കാരിയുടെ അന്തസിന് ഹാനി വരുത്തിയതായും പരാതിയിൽ പറയുന്നു.