കോ​ണ്‍​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് ഉ​ട​മ ഡോ. ​സി.​ജെ.റോ​യ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ കേ​ന്ദ്ര ധ​ന​മ​ന്ത്രി​ക്ക് ക​ത്ത​യച്ചു. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ പീ​ഡ​ന​മാ​ണ് മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന സി.​ജെ. റോ​യി​യു​ടെ സ​ഹോ​ദ​ര​ന്‍റെ പ​രാ​തി​യെകു​റിച്ച്‌ മു​ഖ്യ​മ​ന്ത്രി അയച്ച കത്തിൽ പ​രാ​മ​ർ​ശി​ച്ചി​ട്ടു​ണ്ട്. ആ​ദാ​യ നി​കു​തി വ​കു​പ്പ് പ​രി​ശോ​ധ​ന​യ്ക്കി​ടെ റോ​യ് തോ​ക്കെ​ടു​ത്ത് സ്വ​യം വെ​ടി​വ​ച്ച​ത് ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണെ​ന്ന് ക​ത്തി​ൽ പ​റ​യു​ന്നു. റോ​യി​യു​ടെ മ​ര​ണ​ത്തി​ൽ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ അ​ഗാ​ധ​മാ​യ ദുഃ​ഖം പ​ങ്കു​വ​യ്ക്കാ​നാ​ണ് ക​ത്തെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

ആദായനികുതി ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരിക്കേണ്ട സ്ഥലത്ത് വെച്ച് ഒരാൾക്ക് എങ്ങനെ സ്വന്തം തോക്കെടുത്ത് വെടിയുതിർക്കാൻ സാധിച്ചു എന്നത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ അങ്ങേയറ്റം ഗുരുതരമായ വീഴ്‌ചയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. റെയ്ഡ് നടക്കുമ്പോൾ പാലിക്കേണ്ട കുറഞ്ഞ പരിധിയിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പോലും ഇവിടെ പാലിക്കപ്പെട്ടില്ല. റെയ്‌ഡ് പുരോഗമിക്കുമ്പോൾ മറ്റൊരു മുറിയിൽ പോയി റോയിക്ക് വെടിയുതിർക്കാൻ സാധിച്ചു എന്നത് റെയ്‌ഡ് പ്രോട്ടോക്കോളിൻ്റെ നഗ്നമായ ലംഘനമാണ് ഈ അലംഭാവമാണ് ഒരു സംരംഭകൻ്റെ വിലപ്പെട്ട ജീവൻ നഷ്ടപ്പെടാൻ കാരണമായതെന്നും കത്തിൽ പറയുന്നു.

സിജെ റോയ് റെയ്‌ഡുമായി പൂർണ്ണമായി സഹകരിച്ചിട്ടും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് സഹിക്കാനാവാത്ത പീഡനം ഉണ്ടായതായി അദ്ദേഹത്തിൻ്റെ സഹോദരൻ ബാബു ഉന്നയിച്ച കാര്യങ്ങളും മുഖ്യമന്ത്രി കത്തിൽ പരാമർശിച്ചു. ആദായനികുതി വകുപ്പിൻ്റെ നടപടികൾ താങ്ങാവുന്നതിലും അധികമായിരുന്നുവെന്ന് റോയ് വെളിപ്പെടുത്തിയിരുന്നതായും സൂചനയുണ്ട്. ഇത്തരം അപരിഷ്‌കൃത നടപടികൾ ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാനാവില്ല.

പ​രി​ശോ​ധ​ന​ക​ളു​ടെ പേ​രി​ൽ ഒ​രു മ​നു​ഷ്യ​ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ന്ന​ത് പ​രി​ഷ്കൃ​ത ജ​നാ​ധി​പ​ത്യ സ​മൂ​ഹ​ത്തി​ന് ചേ​ർ​ന്ന​ത​ല്ല. നി​കു​തി വെ​ട്ടി​പ്പി​നോ​ട് വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത സ​മീ​പ​നം വേ​ണ​മെ​ങ്കി​ലും, ഈ ​മ​ര​ണം രാ​ജ്യ​ത്തെ നി​കു​തി ഭ​ര​ണ​സം​വി​ധാ​ന​ത്തി​ന് ഒ​രു ക​ള​ങ്ക​മാ​ണ്. റോയിയുടെ മരണത്തിൽ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം വേ​ണമെന്നും കത്തിൽ പറയുന്നു.

Related Posts