മലബാർ മുസ്ലിം അസോസിയേഷൻ്റെ തൊണ്ണൂറാം വാർഷികം ഫെബ്രവരി 14ന് ബാംഗ്ലൂർ സിറ്റി യൂണിവെഴ്സിറ്റി കാമ്പസിലെ ജ്ഞാന ജ്യോതി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് മലബാർ മുസ്ലിം അസോസിയേഷൻ വർക്കിംഗ് പ്രസിഡണ്ട് എൻ.എ.ഹാരിസ് എംഎൽഎ പറഞ്ഞു.

എം എം എ പ്രവർത്തക സമിതി യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനുവരി 24നായിരുന്നു ആദ്യം തീരുമാനിച്ചെതെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ ഫെബ്രുവരി 14ലേക്ക് മാറ്റുകയായിരുന്നു.
തൊണ്ണൂറാം വാർഷികം വൻവിജയമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ നടന്നുവരികയാണ്. ഇതിനായി വിവിധ സബ് കമ്മിറ്റികൾ തിരഞ്ഞെടുത്തതായും കർണാടകയിലേയും കേരളത്തിലേയും സാമൂഹിക മണ്ഡലത്തിലെ പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉച്ചക്ക് 2 മണി മുതൽ രാത്രി 10 വരെയാണ് പരിപാടികൾ നടക്കുന്നത്. രണ്ട് മണി മുതൽ കുടുംബ സദസ്സുകളെ സ്വാധീനിക്കുന്ന കൾച്ചറൽ പ്രോഗ്രാമുകൾ നടക്കും. രാത്രി 7 മണിക്ക് ശേഷം പൊതുസമ്മേളനം നടക്കും. പൊതു പ്രവർത്തന രംഗത്ത് 60 വർഷം പൂർത്തിയാക്കിയ പ്രസിഡണ്ട് ഡോ:എൻ.എ. മുഹമ്മദിനെ ആഘോഷ സംഗമത്തിൽ ആദരിക്കും.

യോഗത്തിൽ പ്രസിഡണ്ട് ഡോ.എൻ.എ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.സി. സിറാജ്, കെ.എച്ച്. ഫാറൂഖ്, അഡ്വ. പി. ഉസ്മാൻ, അഡ്വ: ശക്കീൽ അബ്ദുറഹ്മാൻ, കെ.സി.അബ്ദുൽ ഖാദർ, പി.എം. അബ്ദുൽ ലത്തീഫ് ഹാജി, ശംസുദീൻ കൂടാളി, ടി.പി.മുനീറുദ്ധീൻ തുടങ്ങിയവർ പ്രസംഗിച്ചു.

Related Posts