ബംഗളൂർ, തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ നടത്തിയ റിപ്പബ്ലിക് ദിനാഘോഷവും സൗഹൃദസംഗമവും ശ്രദ്ധേയമായി. ദേശീയ പതാക ഉയർത്തി ദേശീയ ഗാനാലാപനത്തോടെ ആരംഭിച്ച വിവിധ പരിപാടികൾ രാത്രി 9 മണിയോടെ സമാപിച്ചു. ഇന്ദിര നഗർ ഇ സി എ ഹാളിലായിരുന്നു പരിപാടി.
വിരമിച്ച സൈനികനും എഴുത്തുകാരനുമായ തങ്കച്ചൻ പന്തളം പരിപാടി ഉദ്ഘാടനം ചെയ്തു. സമത്വ, സ്വാതന്ത്ര്യ, സാഹോദര്യ, മതേതര മൂല്യങ്ങൾ സമന്വയിപ്പിച്ചു കൊണ്ട് മനുഷ്യർക്കു വേണ്ടി മനുഷ്യർ നിർമ്മിച്ച മാനവികതയുടെ മഹാസന്ദേശമായ ഭരണഘടനയിലൂടെ പൂർണ്ണ സ്വാതന്ത്ര്യമുറപ്പിക്കുന്ന ജനാധിപത്യ ഇന്ത്യയുടെ സമ്പൂർണ്ണ സ്വാതന്ത്ര്യ വിളംബര ദിനമാണ് റിപ്പബ്ളിക് ഡേയെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് തങ്കച്ചൻ പന്തളം പറഞ്ഞു.
പ്രസിഡണ്ട് പി.മോഹൻദാസ് അദ്ധ്യക്ഷം വഹിച്ചു. മുൻ പ്രസിഡണ്ട് ആർ.വി.പിള്ള കർണാടക ഗവൺമെൻ്റിൻ്റെ കീഴിലുള്ള കന്നട അഭിവൃദ്ധിപ്രാധികാരയുടെ തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സെന്ററിലെ കന്നട പഠന ക്ലാസിലെ അധ്യാപകരായ കല്പന പ്രദീപ്, ത്രിവേണി ശ്രീനിവാസമൂർത്തി എന്നിവരെ ആദരിച്ചു.
കുടുംബാംഗങ്ങളുടെ നൃത്തനൃത്യങ്ങൾ, ഉപകരണസംഗീതം, കവിതാലാപനം, ഗാനാവിഷ്കാരം എന്നിവയും അസോസിയേഷനു വേണ്ടി മലയാള കലാഭവൻ അവതരിപ്പിച്ച സ്കിറ്റും പള്ളിയോടം ബീറ്റ്സ് അവതരിപ്പിച്ച നാടൻ പാട്ടുകളും പരിപാടിയുടെ മാറ്റുകൂട്ടി. രേവതി അവതാരകയായി. പൊന്നമ്മ ദാസ് ആശംസയും
സെക്രട്ടറി പ്രദീപ് പി.പി സ്വാഗതവും പറഞ്ഞു. കൺവീനർ കെ.വി.രാധാകൃഷ്ണൻ, ശ്രീകണ്ഠൻ നായർ, മറ്റു കമ്മറ്റി അംഗങ്ങൾ, എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു. ട്രഷറർ എ.കെ.രാജൻ നന്ദി പറഞ്ഞു.