മലയാളിയുടെ സാഹിത്യാവബോധത്തെ മാറ്റി സ്ഥാപിച്ചതും പ്രമേയപരമായ സ്വാധീനം എന്നതുപോലെ സാഹിത്യോല്പാദന രീതിയിൽ സൃഷ്ടിച്ച വിചാര മാതൃക വ്യതിയാനമാണ് വിക്ടർ ഹ്യൂഗോയുടെ “പാവങ്ങൾ” എന്ന് എഴുത്തുകാരനും അദ്ധ്യാപകനുമായ ഡോക്ടർ റഫീഖ് ഇബ്രാഹിം പറഞ്ഞു.
കേരള സമാജം ദൂരവാണി നഗർ പ്രതിമാസ സാഹിത്യ പരിപാടിയിൽ “പാവങ്ങളുടെ നൂറുവർഷവും മലയാളസാഹിത്യത്തിലെ സ്വാധീനവും” എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു ഡോ.റഫീഖ് ഇബ്രാഹിം. വിശക്കുന്നവരുടെ, ദാരിദ്ര്യം അനുഭവിക്കുന്നവരുടെ, ശരീരം വിൽക്കേണ്ടിവരുന്ന സ്ത്രീകളുടെ, ദുരിതങ്ങളിൽ പെട്ടുഴലുന്ന കുഞ്ഞുങ്ങളുടെ അനുഭവങ്ങളെ മലയാള സാഹിത്യത്തിലേക്ക് പാവങ്ങൾ കൊണ്ടുവന്നു. തൊട്ടു പിന്നാലെ വന്ന ജീവൽസാഹിത്യ പ്രസ്ഥാനത്തിൻ്റെ വീക്ഷണങ്ങൾക്ക് അരങ്ങൊരുങ്ങുകയായിരുന്നു പാവങ്ങളിലൂടെ.
ഫ്രഞ്ച് റൊമാന്റിസത്തിൻ്റെ ഏറ്റവും വലിയ പ്രതിനിധിയാണ് വിക്ടർ ഹ്യൂഗോ എങ്കിലും ഒരു റൊമാന്റിക് നോവൽ എന്നതിനേക്കാൾ റിയലിസ്റ്റിക് നോവൽ ആയിട്ടാണ് മലയാളി പാവങ്ങളെ ഉൾക്കൊണ്ടത്. അതുവരെ മലയാളസാഹിത്യം എത്തിനോക്കിയിട്ടില്ലാത്ത ഒരു പാന്ഥാവിലേക്ക് അതു നമ്മളെ തിരിച്ചുവിട്ടു.
നോവൽ എന്ന നിലയിൽ പൂർണ്ണത പ്രാപിച്ച രചനയായിരുന്നു പാവങ്ങൾ. കുറഞ്ഞത് 6 ഇതിവൃത്തങ്ങളുടെ യെങ്കിലും സങ്കീർണ്ണ ലയനം 365 അദ്ധ്യായങ്ങളുള്ള ആ നോവലിൽ ഉണ്ട്. ഋജുവും, ലളിതവും വിവരണാത്മകവുമായ രീതിയാണ് ഈ നോവലിന് ക്ലാസിക്കൽ മാനം പകരുന്നത്. കൂടാതെ എഴുത്തുകാരൻ ഒട്ടും വൈകാരികത ഇല്ലാതെ, എന്നാൽ വായനക്കാരനെ വൈകാരികതയുടെ ആഴം അനുഭവിപ്പിക്കുകയും ചെയ്യുന്നുണ്ട് നോവൽ. സാഹിത്യത്തിന് നോബൽ സമ്മാനം ലഭിച്ച യോസെ പറയുന്നത് അഞ്ചു ഭൂഖണ്ഡങ്ങളെ കൂട്ടിയിണക്കുന്ന പൊതുബോധം നോവലിന് ഉണ്ടെന്നും ധാർമ്മികതയെ ഉണർത്തുന്ന ഉൾപ്രേരണയായി (Catalyst) വർത്തിക്കാൻ നോവലിന് കഴിയുന്നുണ്ടെന്നുമാണ്. അതുകൊണ്ട് തന്നെയാണ് പിൽക്കാലത്ത് The Novel of 19th Century എന്ന് ഈ നോവൽ വിശേഷിപ്പിക്കപ്പെട്ടതും.
മലയാളം അതുവരെ കണ്ടിട്ടില്ലാത്ത നിലയിൽ പൂർണ്ണത കൈവരിച്ച ബൃഹദാഖ്യാനത്തിലെ നായിക നായകന്മാർ കുറ്റവാളികളും, ലൈംഗിക തൊഴിലാളികളും, തെരുവ് തെണ്ടികളുമാകുന്ന കാഴ്ച മലയാള സാഹിത്യത്തെ അത്തരം ജീവിതാവസ്ഥകളിലേക്ക് മുഖം തിരിക്കാൻ പ്രേരിപ്പിച്ചു. പാവങ്ങൾ പുറത്തിറങ്ങി പത്തു വർഷങ്ങൾക്ക് ശേഷം, വിശന്നു കരയുന്ന കുഞ്ഞനുജൻ്റെ പശിയടക്കാൻ ഗത്യന്തരമില്ലാതെ പലചരക്കു കടയിൽ നിന്ന് ഒരുപിടി അരി മോഷ്ടിച്ച് പിടിക്കപ്പെടുന്ന ഒരു നായകൻ മലയാളത്തിൽ പ്രത്യക്ഷപ്പെട്ടു. കെ.ദാമോദരൻ്റെ പാട്ടുബാക്കി എന്ന നാടകത്തിലൂടെ. പാവങ്ങളുടെ അടിസ്ഥാന ഘടനകളെ ഉപജീവിച്ച് അതിന് കേരളീയമായ ഒരു പുനർരചന നിർവഹിക്കുകയായിരുന്നു പാട്ട ബാക്കിയിലൂടെ കെ ദാമോദരൻ. വ്യവസ്ഥ കുറ്റവാളിയാക്കുന്ന കിട്ടുണ്ണിയും വിശന്നു കരയുന്ന ബാലനും അവനെ പോറ്റാനായി വ്യഭിചാരശാല തെരഞ്ഞെടുക്കുന്ന കുട്ടിമാളുവും പോലീസ് ഇൻസ്പെക്ടറും പുറപ്പെട്ടു വന്നത് അതേ നോവലിൽ നിന്നാണ്. വിശപ്പും ദാരിദ്ര്യവും വ്യവസ്ഥയുടെ ചൂഷണത്താൽ നിസ്സഹയാരാവേണ്ടി വരുന്ന നിരാലമ്പരും അടങ്ങുന്ന പാട്ട ബാക്കിയുടെ അരങ്ങിൽ കർഷകരും കർഷക തൊഴിലാളികളും തങ്ങളെ തന്നെ നേരിട്ടു കണ്ടു. ‘അമ്മേ വിശക്കുന്നു’ എന്ന പ്രാരംഭ വാചകത്തോടെ ആരംഭിക്കുന്ന പാട്ടബാക്കിയാണ് വിശപ്പിൻ്റെ സാഹിത്യം എന്ന് വിളിക്കാൻ കഴിയുന്ന മലയാളത്തിലെ ആദ്യ സാഹിത്യ കൃതി. വിശപ്പും ദാരിദ്ര്യവും പീഡനവും തുറന്നെഴുതുന്ന സാഹിതീയ ഭാവുകത്വം മലയാള സാഹിത്യത്തിൽ അതോടെ രംഗപ്രവേശം ചെയ്തു.
ബഷീർ, തകഴി, പൊൻകുന്നം വർക്കി, എസ് കെ പൊറ്റക്കാട് എന്നീ നവോത്ഥാന കാഥികരിൽനിന്ന് എം.ടി, എം മുകുന്ദൻ, ഒ വി വിജയൻ, എം സുകുമാരൻ തുടങ്ങിയ ആധുനികർ വഴി എൻ എസ് മാധവനിൽ വരെ പാവങ്ങളുടെ പ്രചോദന വഴി നമുക്ക് കണ്ടെത്താൻ കഴിയുമെന്നും റഫീഖ് മാഷ് പറഞ്ഞു.
മലയാളിയുടെ മത ബോധത്തെ തന്നെ ധാർമ്മികമായി പരിവർത്തിപ്പിക്കുന്ന പ്രേരക ശക്തിയായി ‘ഡി’യിലെ മെത്രാനും നോവലും മാറിയിരിക്കുന്നു. ‘ഡി’യിലെ മെത്രാൻ്റെ ധാർമ്മികതയാണ് ഴാങ് വാൽ ഴാങ്ങിലേക്ക് രംഗപ്രവേശം ചെയ്യുന്നതും ഴാങ് വാൽ ഴാങ്ങിൽ ആ ധാർമ്മികത ധാരാളം മനുഷ്യരുടെ വിമോചനത്തിലേക്ക് മാറുന്നതുമാണ് കുട്ടികൃഷ്ണമാരാരെ സംബന്ധിച്ച് പാവങ്ങൾ ഉജ്ജ്വല നോവലെന്ന് പറയിപ്പിച്ചതും ആ കൃതി വായിക്കാൻ നമ്മോട് അഭ്യർത്ഥിക്കാൻ ഇടവരുത്തിയതും.
സ്വന്തം മുടി വിറ്റും, പല്ല് പറിച്ച് വിറ്റും, ഒടുവിൽ ശരീരം തന്നെയും വിറ്റുമാണ് ഫൻതീൻ തൻ്റെ മകൾ കൊസത്തിനെ സംരക്ഷിക്കാനുള്ള പ്രതിഫലമായി അവളെ നോക്കാൻ എലപ്പിച്ച തെനാർദിയർ ദമ്പതികൾക്ക് നൽകുന്നത്. എന്നാൽ കൊസത്ത് എന്ന കൊച്ചു ബാലികയെക്കൊണ്ട് തങ്ങളുടെ സത്രത്തിലെ എല്ലാ പണികളും ചെയ്യിക്കുകയായിരുന്നു. കൊസത്ത് എന്ന ബാലികയുടെ വളർച്ചയുടെയും പ്രണയത്തിൻ്റെയും കഥ ഇവയ്ക്കിടയിലൂടെ നീങ്ങുന്നു. പ്രഭു കുമാരൻ ആയിട്ടും നിസ്വനായി ജീവിക്കേണ്ടിവന്ന മരിയൂസ് പൊങ്മേഴ്സി എന്ന വിപ്ലവകാരിയുടെ ഇഛാശേഷിയും രാഷ്ട്രീയോന്മുഖവുമായ ജീവിതവും അയാളുടെ കൊസത്തുമായുള്ള പ്രണയവും മറ്റൊരടരായി പാവങ്ങളിൽ സംഗീതം നിറയ്ക്കുന്നു.
നിയമവാഴ്ചയുടെ നടത്തിപ്പുകാരനായി രംഗപ്രവേശം ചെയ്യുകയും ഴാങ് വാൽ ഴാങ്ങിനെ ഉടനീളം പിന്തുടരുകയും നീതിയും നിയമവും തമ്മിലുള്ള വൈരുദ്ധ്യം തിരിച്ചറിഞ്ഞ് ഒടുക്കം സ്വഹത്യ തിരഞ്ഞെടുക്കുകയും ചെയ്യുന്ന ഴാവേറിന്‍റെ കാലടിപ്പാടുകൾ നോവലിനെ ഉദ്വേകജനകമാക്കുന്നു. ഇവയെല്ലാം പല നിലയിൽ കൂട്ടിയിണക്കിക്കൊണ്ട് ഒരു മുൻ കുറ്റവാളി പല പേരിൽ, പല വേഷത്തിൽ പല ജീവിത രംഗങ്ങൾ ആടി നോവലിലൂടനീളം നന്മയുടെ സാന്നിധ്യമാകുന്നു. പല അടരുകളുള്ള ഈ നോവൽ ഒരേ സമയം സാമൂഹിക, ധാർമിക, ചരിത്ര, അപസർപ്പക, രാഷ്ട്രീയ നോവലുകളുടെ സംയുക്ത ഘടനകൾ ഒത്തു ചേർന്നതാണ്.
മരണകിടക്കയിൽ കിടന്ന് ഴാങ്ങ് വാൽ ഴാങ്ങ് വളർത്തു മകളായ കൊസത്തിനോടും അവളുടെ കാമുകനായ മരിയൂസിനോടും പറയുന്ന കാര്യമാണ് തന്നെ വ്യക്തിപരമായി ഏറെ സ്പർശിച്ചതെന്ന് ഡോ. റഫീഖ് ഇബ്രാഹിം പറഞ്ഞു. അത് ഇങ്ങനെയാണ്. “കുട്ടികളെ ഞാൻ ഇതാ പോവുകയായി. നിങ്ങൾ അന്യോന്യം സ്നേഹിക്കുക. അതല്ലാതെ മറ്റൊന്നും ലോകത്തിൽ ചെയ്യാനില്ല. അന്യോന്യം സ്നേഹിക്കുന്ന ഒരു ലോകസൃഷ്ടികൂടി നോവലിൻ്റെ ലക്ഷ്യമാണ്.
സമാജം പ്രസിഡണ്ട് മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു. പ്രശസ്ത ചിത്രകാരിയും എഴുത്തുകാരിയുമായ അനുരാധ നാലപാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാഷണത്തിനുശേഷം കവിയും അധ്യാപകനുമായ ടി പി വിനോദ് സംവാദം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. തുടർന്ന് ടി എ കലിസ്റ്റസ്, മുഹമ്മദ് കുനിങ്ങാട്, രമ പ്രസന്ന പിഷാരടി, ഡോക്ടർ എം പി രാജൻ, ബിനോജ്, എസ് കെ നായർ എന്നിവർ സംസാരിച്ചു. ഡെന്നിസ് പോൾ ആമുഖപ്രഭാഷണം നടത്തി.
കൺവീനർ സി കുഞ്ഞപ്പൻ റഫീഖ് ഇബ്രാഹിം മാഷിനെയും കെ ചന്ദ്രശേഖരൻ നായർ അനുരാധ നാലപ്പാടിനെയും ഡെന്നിസ് പോൾ ടിപി വിനോദിനെയും പരിചയപ്പെടുത്തി. ജൂബിലി സ്കൂൾ സെക്രട്ടറി കെ ചന്ദ്രശേഖരക്കുറുപ്പ് റഫീഖ് ഇബ്രാഹിം മാഷിനെയും ട്രഷറർ എം കെ ചന്ദ്രൻ അനുരാധനാല പാട്ടിനെയും പൂച്ചെണ്ടു നൽകി സ്വീകരിച്ചു. പി എൻ ഗോപികൃഷ്ണൻ എഴുതിയ ഴാങ്ങ് വാൽ ഴാങ്ങും പാവങ്ങളിലെ രാഷ്ട്രീയ ശരിയും എന്ന കവിത രതി സുരേഷ് ആലപിച്ചു. വള്ളത്തോളിൻ്റെ മാപ്പ് എന്ന കവിതയും സൗദ റഹിമാൻ ആലപിക്കുകയുണ്ടായി. കെ ചന്ദ്രശേഖരൻ നായർ നന്ദി പറഞ്ഞു.
