ബാംഗ്ളൂരിലെ ടെക്കി ദമ്പതികൾ ചായ കുടിക്കാൻ പുറത്ത് പോയ സമയം 30 ലക്ഷത്തിൻ്റെ സ്വർണം, വെള്ളി ആഭരണങ്ങൾ മോഷണം പോയി. ബെംഗളൂരുവിലെ എച്ച്ആർബിആർ ലേഔട്ടിൽ താമസിക്കുന്ന സോഫ്റ്റ്വെയർ ദമ്പതികളുടെ വീട്ടിലാണ് കള്ളൻ കയറിയത്. എച്ച്ആർബിആർ ലേഔട്ടിലെ രണ്ടാം ബ്ലോക്കിൽ താമസിക്കുന്ന ബാലാജിയുടെ മൂന്നാം നിലയിലെ ഫ്ലാറ്റിലാണ് മോഷണം നടന്നത്.
കഴിഞ്ഞ ദിവസം വൈകുന്നേരം 4.30നും 6.30നും ഇടയിലാണ് മോഷണം നടന്നിട്ടുള്ളത്. ചായ കുടിക്കാൻ ദമ്പതികൾ വീട് പൂട്ടി സമീപത്തെ കഫേയിൽ പോയ സമയത്തായിരുന്നു മോഷണം നടന്നത്. ദമ്പതികൾ വീട്ടിൽ തിരിച്ചെത്തിയപ്പോൾ, പ്രധാന വാതിലിൻ്റെ പൂട്ട് തകർന്നതായി കണ്ടു. വീട്ടിനകത്തു കയറി നോക്കിയപ്പോൾ, സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലും കിടപ്പുമുറിയിലെ അലമാരകൾ തുറന്ന നിലയിലും ആയിരുന്നു. ഇതോടെ ദമ്പതികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
250 ഗ്രാം സ്വർണവും 300 ഗ്രാം വെള്ളിയും പൂജാറൂമിലെ വെള്ളി പാത്രങ്ങളും മോഷണം പോയി. സംഭവത്തിൽ പൊലീസ് കേസെടുത്തു. വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.