ഫെബ്രുവരി ഒന്നിന് പ്രാബല്യത്തിൽ വരേണ്ടിയിരുന്ന ഇറക്കുമതി തീരുവകളിൽ നിന്ന് പിന്മാറി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സ്വിറ്റ്സര്‍ലണ്ടിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ടെയുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ തന്ത്രപരമായ ചുവടുമാറ്റം.
ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കാനുള്ള നീക്കത്തെ എതിര്‍ത്ത 8 യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മേല്‍ പ്രത്യേക തീരുവ ചുമത്തുന്നതില്‍ നിന്നുമാണ് ഡോണൾഡ് ട്രംപ് പിന്മാറിയത്. മാർക്ക് റൂട്ടെയുമായി നടത്തിയ ചർച്ചകൾ വളരെ ഫലപ്രദമായിരുന്നുവെന്നും ഗ്രീൻലൻഡിനും ആർട്ടിക് മേഖലയ്ക്കും വേണ്ടിയുള്ള ഒരു ഭാവി കരാറിന്റെ രൂപരേഖ തയാറായതായും ട്രംപ് തന്റെ സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി. ഫെബ്രുവരി ഒന്നു മുതൽ 10 ശതമാനം ഇറക്കുമതി ചുങ്കമാണ് ട്രംപ് പ്രഖ്യാപിച്ചിരുന്നത്.