ബസ്സില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫ അറസ്റ്റിൽ. വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് ഷിംജിത അറസ്റ്റിലായത്. കേസെടുത്തതിന് പിന്നാലെ ഷിംജിത ഒളിവിൽ പോയി. ഷിംജിതക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റിലായത്. നേരത്തെ, കോഴിക്കോട് ജില്ലാ കോടതിയിൽ ഷിംജിത മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിന്നു. കൂടുതല്‍ ദൃശ്യങ്ങള്‍ ശേഖരിക്കാനും സ്വകാര്യ ബസ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കാനുമുള്ള നീക്കത്തിലാണ് പൊലീസ്. കഴിഞ്ഞ ദിവസം ബസ്സിലെ സിസിടിവി ദ്യശ്യങ്ങള്‍ പരിശോധിച്ചെങ്കിലും നിര്‍ണ്ണായകമായ തരത്തിലുള്ളതൊന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ജീവനക്കാരുടെ മൊഴിയും ഒപ്പം ബസ്സില്‍ യാത്ര ചെയ്ത മറ്റുള്ളവരുടെ മൊഴിയും ഉടന്‍ രേഖപ്പെടുത്തും. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം. ബസ് യാത്രക്കിടെ ലൈംഗിക അതിക്രമം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടിക്കാട്ടി ഷിംജിത ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തു. ഒരു ദിവസം കൊണ്ട് തന്നെ ആ വീഡിയോ 23ലക്ഷം പേരാണ് കണ്ടത്. ഇത് പ്രചരിച്ചതോടെയാണ് ദീപക്ക് ആത്മഹത്യ ചെയ്തത്.

Related Posts