ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രതികളായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ ഉള്‍പ്പടെ 3 പേരുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. മുരാരി ബാബു, ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്ധന്, എ. പത്മകുമാര്‍ എന്നിവരുടെ ജാമ്യഹര്‍ജികളാണ് ജസ്റ്റീസ് എ. ബദറൂദ്ദീന്റെ ബെഞ്ച് തള്ളിയത്. പ്രോസിക്യൂഷനും അന്വേഷണ സംഘവും പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തു.
ഗൗരവമായ തെളിവുകൾ പ്രതികള്‍ക്കെതിരെ ഉണ്ടെന്നും അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നുമാണ് സര്‍ക്കാരിന്റെ വാദം. എ. പത്മകുമാറിനെ നവംബര്‍ 20 നാണ് എസ്ഐടി കേസിൽ അറസ്റ്റ് ചെയ്തത്. കട്ടിളപ്പാളിയിലെ സ്വര്‍ണ്ണം ഉണ്ണിക്കൃഷ്ണന് പോറ്റിക്ക് കൈമാറിയതില്‍ പത്മകുമാര്‍ അടങ്ങുന്ന ബോര്‍ഡിന് വീഴ്ചയുണ്ടായെന്ന കണ്ടെത്തലിന് പിന്നാലെയായിരുന്നു അറസ്റ്റ് ചെയ്തത്.