ക്രിക്കറ്റ് മത്സരങ്ങൾ നടത്താൻ ചിന്നസ്വാമി സ്റ്റേഡിയത്തിൽ അനുമതി നൽകിയത് നിബന്ധനകളോടെ മാത്രമാണെന്നും സുരക്ഷാ മാനദണ്ഡം കർശനമായി പാലിച്ചിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര പറഞ്ഞു. സ്റ്റേഡിയത്തിലെ സ്ഥിതിഗതികൾ പരിശോധിക്കുന്നതിനായി ജസ്റ്റിസ് ജോൺ മൈക്കൽ കുൻഹ കമ്മിറ്റി വിശദ പരിശോധന നടത്തി സമർപ്പിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് മത്സരം സംഘടിപ്പിക്കാൻ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന് (കെ.എസ്.സി.എ) അനുമതി നൽകിയത്.
നിശ്ചിത സമയപരിധിക്കുള്ളിൽ കമ്മിറ്റി ശിപാർശയനുസരിച്ചുള്ള പരിഷ്കാരങ്ങളും തിരുത്തൽ നടപടികളും പൂർത്തിയാക്കണമെന്ന നിർദേശം കെ.എസ്.സി.എക്ക് നടപ്പാക്കി തുടങ്ങി. ആവശ്യമായ എല്ലാ മാറ്റങ്ങളും നടപ്പാക്കുമെന്ന് രേഖാമൂലം ഉറപ്പ് നൽകി. അനുമതി നിബന്ധനകൾക്ക് വിധേയമാണെന്നും മത്സരം നടക്കുന്നതിന് മുമ്പ് സ്റ്റേഡിയം വീണ്ടും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
ചിന്നസ്വാമി സ്റ്റേഡിയത്തിൻ്റെ മൊത്തത്തിലുള്ള അവസ്ഥ വിലയിരുത്തുന്നതിനായി ഗ്രേറ്റർ ബംഗളുരു അതോറിറ്റി ചീഫ് കമ്മീഷണർ എം. മഹേശ്വർ റാവുവിൻ്റെ നേതൃത്വത്തിൽ രൂപവത്കരിച്ച കമ്മിറ്റി റിപ്പോർട്ടും കണക്കിലെടുത്തതായി പരമേശ്വര പറഞ്ഞു. മന്ത്രിസഭയിൽ ഇക്കാര്യം വിശദമായി ചർച്ച ചെയ്തതാണ്. ദീർഘകാലാടിസ്ഥാനത്തിൽ നടപ്പാക്കേണ്ട നടപടികളെക്കുറിച്ച് തീരുമാനം എടുത്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.