രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ അതിജീവിതയ്ക്ക് എതിരെ സൈബര്‍ അധിക്ഷേപം നടത്തിയ എം.എല്‍.എയുടെ സുഹൃത്തും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ഫെന്നി നൈനാനെതിരെ കേസെടുത്ത് പൊലീസ്. പരാതിക്കാരിയുടെ ചാറ്റ് ഉള്‍പ്പെടെ പരസ്യമാക്കിയതിലാണ് പൊലീസ് നടപടി. അതിജീവിതയുമായുള്ള വാട്‌സ്ആപ്പ് ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകൾ എന്ന് ആരോപിച്ചായിരുന്നു ഫെന്നി നൈനാന്‍ ചില സ്‌ക്രീന്‍ഷോട്ടുകൾ പുറത്തുവിട്ടത്.

രാഹുലിനെതിരെ ഇരുപത്തിമൂന്നുകാരി കോൺഗ്രസ് നേതൃത്വത്തിന് നൽകിയ പരാതിയിൽ ഫെന്നി നൈനാൻ്റെ പേരും പരാമർശിച്ചിരുന്നു. അവധിയ്ക്ക് നാട്ടിലെത്തിയ യുവതിയെ കാണണമെന്ന് രാഹുൽ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് യുവതിയെ കാണാൻ രാഹുൽ എത്തിയത് ഫെന്നി നൈനാൻ ഓടിച്ച കാറിൽ ആണ്. ഇയാൾ ആണ് രാഹുലിനെയും യുവതിയെയും ഹോംസ്റ്റേയിൽ എത്തിച്ചത് എന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.

പരാതിക്കാരിയെ വെല്ലുവിളിച്ച് ഇതിന് മുൻപും ഫെന്നി നൈനാൻ രം​ഗത്ത് എത്തിയിരുന്നു. വാഹനത്തിൽ കയറ്റിയത് എവിടെ നിന്ന്, എവിടേക്ക് കൊണ്ടുപോയി, ഏത് ഹോം സ്റ്റേ യിൽ താമസിപ്പിച്ചു എന്നുകൂടി പറയാൻ പരാതി നൽകിയാൽ തയ്യാറാകണം എന്നും ഫെന്നി പറഞ്ഞിരുന്നു.

Related Posts