സാധാരണക്കാരുടെ പേരിൽ വ്യാജ ബാങ്ക് അക്കൗണ്ടുകൾ ആരംഭിച്ച് കോടിക്കണക്കിന് രൂപയുടെ കളപ്പണം വെളുപ്പിച്ച സംഭവത്തിൽ 22 കാരനായ മുഹമ്മദ് ഉസൈഫ്, മാതാവ് ഷബാന അബ്ദുൽ ബാരി എന്നിവരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഉത്തരേന്ത്യക്കാരായ 9 പേരും ഇവരോടൊപ്പം അറസ്റ്റിലായിട്ടുണ്ട്. കേളേജുകൾ, സർക്കാർ ആശുപത്രികളിലെ ലേബർ വാർഡുകൾ, എന്നിവിടങ്ങളിൽ എത്തി സാധാരണക്കാരെയും വിദ്യാർത്ഥികളെയും സ്വാധീനിച്ചായിരുന്നു ഇവരുടെ തട്ടിപ്പ് പ്രവർത്തനം.
2,000 മുതൽ 5,000 രൂപ വരെ കമ്മീഷൻ വാഗ്ദാനം ചെയ്ത് ഇവരുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുറപ്പിക്കും. പിന്നീട് അക്കൗണ്ട് ഉടമകളുടെ പാസ്ബുക്ക്, ചെക്ക് ബുക്ക്, ഡെബിറ്റ് കാർഡ്, സിം കാർഡ് എന്നിവ കൈക്കലാക്കും. ഇതുവഴിയാണ് സൈബർ തട്ടിപ്പിലൂടെ ലഭിച്ചിരുന്ന പണം കൈമാറ്റം ചെയ്തിരുന്നത്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന തട്ടിപ്പ് സംഘത്തിൻ്റെ പ്രധാന ഏജന്റ് മുഹമ്മദ് ഉസൈഫാണ്.
4,200 ഓളം അക്കൗണ്ടുകളാണ് ഇയാൾ നിയന്ത്രിച്ചിരുന്നത്. അക്കൗണ്ടുകൾ കണ്ടെത്താനും അവ നിയന്ത്രിക്കാനും ഇയാളെ സഹായിച്ചിരുന്നത് അമ്മയായ ഷബാനയായിരുന്നു. 2013 ലെ ഐപിഎൽ ഒത്തുകളി കേസിലെ പ്രതിയും ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വാതുവയ്പ്പുകാരൻ പ്രേം തനേജയാണ് സംഘത്തിൻ്റെ ബുദ്ധികേന്ദ്രം ഇയാൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി